പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം അമേരിക്കൻ നയങ്ങൾ ലോക രാജ്യങ്ങൾക്കിടയിലെ വിവാദ വിഷയമാണ്. ഇപ്പോൾ അമേരിക്ക ചുമത്താൻ പോകുന്ന തീരുവകൾക്ക് മറുപടിയായി, സോയാബീൻ, സോർഗം, ബീഫ്, ജല ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് 10% വരെ പ്രതികാര തീരുവ പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുകയാണ് ചൈന. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ചൈനീസ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, മാർച്ച് 10 മുതൽ ചില അമേരിക്കൻ ഇറക്കുമതികൾക്ക് 10%-15% അധിക തീരുവ ചുമത്തും. അതേസമയം ചൈന 15% തീരുവ പ്രഖ്യാപിച്ച ഉൽപ്പന്നങ്ങളിൽ ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയും ഉൾപ്പെടുന്നുണ്ട്.
ചൈനയ്ക്ക് മാത്രമല്ല, കാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ ഉയർന്ന തീരുവ ട്രംപ് ചുമത്തിയിരുന്നു. തുടർന്ന് ഇപ്പോൾ ഈ കനത്ത പ്രതികാര തീരുവ നടപടികൾ ലോക രാജ്യങ്ങൾക്കിടയിൽ ഒരു വ്യാപാര യുദ്ധത്തിന് തുടക്കമിടുകയാണോ എന്ന സംശയമാണ് ഉയർത്തുന്നത്.
ഇന്ന് മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ 10% ൽ നിന്ന് 20% ആയി ഇരട്ടിയാക്കി, അയൽരാജ്യങ്ങളിൽ നിന്നും അവരുടെ ഏറ്റവും വലിയ രണ്ട് വ്യാപാര പങ്കാളികളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25% തീരുവ കൂടി വർദ്ധിപ്പിച്ചു. 107 ബില്യൺ ഡോളർ (155 ബില്യൺ കനേഡിയൻ ഡോളർ) മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയ കാനഡയുടെ സമാനമായ പ്രതികാര നടപടിയെ തുടർന്നാണ് ഇപ്പോൾ ചൈനയുടെയും നീക്കം.
ട്രംപ് ഭരണകൂടം പദ്ധതിയുമായി മുന്നോട്ട് പോയാൽ മാർച്ച് 4 മുതൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കാനഡയുടെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാർച്ച് 3 ന് പ്രഖ്യാപിച്ചിരുന്നു. 125 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ബാക്കി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ തീരുവ ചുമത്തുമെന്ന് ട്രൂഡോ കൂട്ടിച്ചേർത്തിരുന്നു.
ലോക അതികായന്മാർ എന്ന് കരുതുന്ന അമേരിക്ക, ഇനിയും കനത്ത നികുതി ചുമത്തൽ നയങ്ങളുമായി മുന്നോട്ട് പോയാൽ, രാജ്യം അതിനെതിരെ ബാക്കപ്പ് പദ്ധതികളുമായി തയ്യാറാണെന്ന് മെക്സിക്കോയും പറഞ്ഞിരുന്നു. “ഞങ്ങൾക്ക് ബി, സി, ഡി എന്നൊരു പ്ലാൻ ഉണ്ട്,” എന്നുള്ള മറുപടിയാണ് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നൽകിയതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
