അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ച സംഭവത്തിൽ പാകിസ്ഥാൻ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്ത്യയിലെ ഇസ്ലാമിക് പെെതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ഈ ആവശ്യം ഉന്നയിച്ച് രംഗതത്തെത്തിയത്. ഒഐസിയിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കടിയലാണ് സംഭവം.
നേരത്തെ, അയോധ്യയിലെ ക്ഷേത്രത്തിൽ ശ്രീരാമ പ്രതിഷ്ഠയോട് അനുബന്ധിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദ് 1992 ഡിസംബർ 6 ന് ഭ്രാന്ത് പിടിച്ച ജനക്കൂട്ടം തകർത്തതായി പാകിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിന് ഉത്തരവാദികളായവരെ ഇന്ത്യയിലെ ഏറ്റവും വലിയ കോടതി ഉൾപ്പെടെ വെറുതെ വിട്ടതും അതേ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് അംഗീകാരം നൽകിയതും അപലപനീയമാണെന്ന് പാകിസ്ഥാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം യുഎൻ അലയൻസ് ഓഫ് സിവിലൈസേഷൻ്റെ ഉയർന്ന ഉദ്യോഗസ്ഥനായ മിഗ്വൽ ഏഞ്ചൽ മൊറാറ്റിനോസിനെ അഭിസംബോധന ചെയ്തുകൊണ്ട് മുനീർ അക്രം ഒരു കത്ത് അയച്ചിരുന്നു എന്ന് പാകിസ്ഥാൻ വാർത്താ വെബ്‌സൈറ്റ് ‘ദ ഡോൺ’ പറയുന്നു.
ഗ്യാൻവാപി, ഷാഹി ഈദ്ഗാ മസ്ജിദ്
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ ഇന്ത്യയിലെ പള്ളികൾ തകർക്കാനുള്ള ശ്രമങ്ങളെയും മതപരമായ വിവേചനത്തെയും സൂചിപ്പിക്കുന്നുവെന്നാണ് കത്തിൽ മുനീർ അക്രം ചൂണ്ടിക്കാണിക്കുന്നത്. വിഷയം ബാബറി മസ്ജിദിന് അപ്പുറത്തേക്ക് നീങ്ങിക്കഴിഞ്ഞുവെന്നും ഇന്ത്യയിലെ മറ്റ് പള്ളികളും സമാനമായ ഭീഷണി നേരിടുന്നുവെന്നും കത്തിൽ പറയുന്നു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മുനീർ അക്രം പറഞ്ഞു. വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് എന്നിവയുൾപ്പെടെയുള്ള മറ്റ് പള്ളികളും നശീകരണ ഭീഷണി നേരിടുന്നുവെന്നും പ്രസ്തുത കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
