കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ സമയക്രമം പാലിക്കുന്നതില്‍ ഏറ്റവും മോശം പ്രകടനം കൈവരിച്ചതായി റിപ്പോർട്ട്. എയർ കാനഡയുടെ 63 ശതമാനം വിമാനങ്ങളും കഴിഞ്ഞ വര്‍ഷം കൃത്യസമയത്ത് ഇറക്കിയെങ്കിലും ഭൂഖണ്ഡത്തിലെ വലിയ 10 എയര്‍ലൈനുകളെ എടുത്താല്‍ സമയക്രമം പാലിക്കുന്നതില്‍ അവസാന സ്ഥാനത്താണ് കമ്പനി എന്നും റിപ്പോർട്ട് പറയുന്നു. 2023 ല്‍ നോര്‍ത്ത് അമേരിക്കയിലെ വലിയ വിമാനക്കമ്പനികളുടെ ഓണ്‍-ടൈം പെര്‍ഫോമന്‍സിന്റെ വിശദാംശങ്ങളാണ് ഏവിയേഷന്‍ ഡാറ്റാ സ്ഥാപനമായ സിറിയം പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 1,40,000 വിമാനങ്ങള്‍ സമയക്രമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എയര്‍കാനഡയേക്കാള്‍ ചെറിയ വിമാന കമ്പനികളായ ജെറ്റ്ബ്ലൂ എയര്‍വേയ്‌സ്, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് എന്നിവയേക്കാള്‍ അഞ്ച് ശതമാനം പോയിന്റിന് താഴെയാണ് എയര്‍ കാനഡയുടെ പ്രകടനം. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ കുറവ്, മോശം കാലാവസ്ഥ എന്നിവയാണ് സമയക്രമം പാലിക്കുന്നതിൽ വീഴ്ച വന്നതിന് കാരണമെന്ന് എയര്‍ കാനഡ സിഇഒ മൈക്കല്‍ റൂസോ പറഞ്ഞു.
