വാഷിങ്ടൺ: 41-ഓളം രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ഔദ്യോഗിക മെമ്മോ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരു താത്കാലിക പട്ടിക ഉണ്ടാക്കിയിട്ടുണ്ടെന്നും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അംഗീകരിച്ചാൽ ഇത് ഔദ്യോഗികമാവുമെന്നും പേര് വെളിപ്പെടുത്താതെ ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
യാത്രാ നിരോധനത്തിന് വിധേയമാകുന്ന 41 രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മെമ്മോ പട്ടികപ്പെടുത്തിയിട്ടുള്ളത്. പൂർണ്ണ വിസ സസ്പെൻഷൻ, വിനോദസഞ്ചാരികളെയും വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും ബാധിക്കുന്ന ഭാഗിക വിസ സസ്പെൻഷൻ, ചില പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ ഭാഗിക വിസ സസ്പെൻഷൻ എന്നിങ്ങനെയാണ് മൂന്ന് പട്ടിക. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ മ്യാൻമർ, ഭൂട്ടാൻ, പാകിസ്താൻ എന്നിവയും യാത്രാനിയന്ത്രണങ്ങൾ നേരിടേണ്ടി വരും.അഫ്ഗാനിസ്താൻ, ഇറാൻ, സിറിയ, ക്യൂബ, നോർത്ത് കൊറിയ, സൊമാലിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്കാണ് പൂർണ്ണ വിസ സസ്പെൻഷൻ ഉണ്ടാവുക. ഇതുപ്രകാരം ഇവർക്ക് അമേരിക്കയിലേക്ക് കടക്കാൻ സാധിക്കില്ല. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവയാണ് ഭാഗികമായ വിസ സസ്‌പെൻഷൻ നേരിടുക. അമേരിക്ക ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ 60 ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ അംഗോള, ആന്റിഗ്വ ആൻഡ് ബർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിന ഫാസോ, കാബോ വെർഡെ, കംബോഡിയ, കാമറൂൺ, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക തുടങ്ങിയ രാജ്യങ്ങൾക്കും ഭാഗികമായ വിസ സസ്‌പെൻഷൻ നേരിടേണ്ടി വരും. തന്റെ ആദ്യ ഭരണകാലത്ത് ഡൊണാൾഡ് ട്രംപ് ഏഴ് ഇസ്ലാമിക രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അത് സുപ്രീം കോടതി ശരിവച്ചിരുന്നു. പിന്നീട് ബൈഡൻ ഭരണകൂടം ഈ വിലക്ക് എടുത്തുകളയുകയായിരുന്നു.
