ശൈത്യകാലത്ത് അമേരിക്കയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്ന കനേഡിയൻ വിനോദ സഞ്ചാരികൾക്ക് ട്രംപിൻ്റെ പുതിയ ഉത്തരവുകൾ തിരിച്ചടി ആയേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം കനേഡിയന്മാർ യുഎസ് സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടി വന്നേക്കാം. ഇല്ലെങ്കിൽ ക്രിമിനൽ, സിവിൽ ശിക്ഷകൾ നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പരമ്പരാഗതമായി കാനഡക്കാരെ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് ജനുവരി അവസാനം ഒപ്പ് വച്ച കുടിയേറ്റ, നാഷണാലിറ്റി നിയമത്തിലെ സെക്ഷൻ 262 പ്രകാരം വിദേശികൾ സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പിനോട് ഉത്തരവിലൂടെ നിർദ്ദേശിച്ചിരുന്നു. 30 ദിവസമോ അതിൽ കൂടുതലോ അമേരിക്കയിൽ തുടരുന്ന 14 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ വിദേശികളും രജിസ്ട്രേഷനും വിരലടയാളത്തിനും അപേക്ഷിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് പാലിക്കുന്നില്ലെങ്കിൽ ക്രിമിനൽ, സിവിൽ ശിക്ഷകളും പിഴയും നേരിടേണ്ടി വന്നേക്കാം. ഏപ്രിൽ 11 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.
