ചര്‍ച്ചകള്‍ക്ക് പ്രോഗ്രസില്ലെന്ന് ചൂണ്ടിക്കാണ്ടി കാനഡയുമായുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ യുകെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പെര്‍മനന്റ് ട്രേഡ് ഡീലിനെക്കുറിച്ചുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയിലാണ് കാനഡയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ സൂസന്ന ഗോഷ്‌കോ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടിയുള്ള ഇടപാടുകള്‍ മാത്രമേ തങ്ങള്‍ ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ടെന്ന് യുകെ വക്താവ് പറഞ്ഞു. അറ്റ്‌ലാന്റിക്കിന്റെ ഇരുവശത്തുമുള്ള ബിസിനസ്സുകള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്ന ശക്തമായ ഒരു വ്യാപാര ബന്ധം കെട്ടിപ്പടുക്കുന്നതിനായി ഭാവിയില്‍ കാനഡയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാൽ പരസ്പര ഉടമ്പടിയിലെത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ മനസ്സിലായ്മ ചര്‍ച്ചകളെ സ്തംഭിപ്പിച്ചുവെന്ന് കനേഡിയന്‍ ട്രെഡ് മിനിസ്റ്റര്‍ മേരി എന്‍ജിയുടെ ഓഫീസ് പ്രസ്താവനയില്‍ പ്രതികരിച്ചു.
