വാഷിങ്ടൺ: കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ താൽക്കാലികമായി നിർത്തിവച്ച് അമേരിക്ക. ഏപ്രിൽ 2 വരെയാണ് വിലക്കിയത്. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനും നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിപണി മാന്ദ്യവും പരിഗണിച്ചാണ് തീരുമാനം. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നൽകിയിരുന്നു.
വിപണയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് തീരുമാനം നീട്ടിവെച്ചതെന്ന സൂചനകള്‍ ട്രംപ് തള്ളിക്കളഞ്ഞു. അടുത്താഴ്ച്ച പ്രാബല്യത്തില്‍ വരാനിരിക്കുന്ന സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്കുള്ള വിശാലമായ തീരുവകള്‍ പരിഷ്‌കരിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് പിന്നാലെ തങ്ങളുടെ തീരുമാനം നടപ്പാക്കുന്നതും നീട്ടിവെച്ചതായി കാനഡയും മെക്‌സിക്കോയും അറിയിച്ചു. യു.എസ്. ഉത്പന്നങ്ങള്‍ക്കും അധിക തീരുവ ചുമത്തുമെന്ന തീരുമാനവുമായി ഏപ്രില്‍ രണ്ട് വരെ മുന്നോട്ടുപോകില്ലെന്നും എല്ലാ തീരുവകളും ഒഴിവാക്കുന്നതിനായി തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ധനകാര്യ മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വ്യക്തമാക്കി.
നിയമവിരുദ്ധ കുടിയേറ്റം, ലഹരിമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ്. 25% ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്.
