ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ഫെബ്രുവരി 15ന് ആൺകുഞ്ഞ് ജനിച്ചതായി വിരാടും അനുഷ്‌കയും ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഫിസിക്കൽ ബോഡി (ഭൗതിക ശരീരം) എന്നർത്ഥം വരുന്ന ‘കായ’ എന്ന ഹിന്ദി വാക്കിൽ നിന്നാണ് അകായ് എന്ന പേരുണ്ടായത്.
വിരാടിന്റേയും അനുഷ്‌കയുടേയും പോസ്റ്റ് ഇങ്ങനെ
‘വളരെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും, ഫെബ്രുവരി 15 ന്, വാമികയുടെ കുഞ്ഞ് സഹോദരൻ, ഞങ്ങളുടെ കുഞ്ഞ് അകായെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതായി എല്ലാവരേയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്! ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത്, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾക്കുണ്ടാകണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്‌നേഹവും നന്ദിയും, വിരാട് & അനുഷ്‌ക.’
