ട്രെൻഡിന് അനുസരിച്ച് പുത്തൻ ഫീച്ചറുകൾ പുറത്തിറക്കുക വാട്‌സ്ആപ്പിന്റെ ശീലമാണ്. ഇപ്പോഴിതാ പുതുപുത്തൻ ഫീച്ചറിന്റെ പണിപുരയിലാണ് എല്ലാവരുടെയും പ്രിയപ്പെട്ട മെസേജിങ്ങ് ആപ്പ്. ത്രെഡ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ചാറ്റുകൾ കൃത്യമായി പിന്തുടരാൻ ഈ ഫീച്ചർ സഹായിക്കുമെന്നതാണ് പ്രത്യേകത.
വാട്‌സ്ആപ്പ് ബീറ്റ ഇൻഫോ എന്ന വെബ്‌സൈറ്റാണ് ഈ അപ്‌ഡേറ്റ് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിലവിൽ ഈ ഫീച്ചറിന്റെ ഡെവലപ്പ്‌മെന്റ് പ്രക്രിയകളാണ് പുരോഗമിക്കുന്നത്. വ്യക്തിഗത ചാറ്റുകൾ, കമ്മ്യൂണിറ്റികൾ, ചാനലുകൾ, ഗ്രൂപ്പുകൾ എന്നിവയിൽ ഈ ത്രെഡ് ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ചാനലുകളിൽ വരുന്ന മെസേജുകൾക്ക് റിപ്ലൈ നൽകാനുള്ള സൗകര്യം വികസിപ്പിക്കുന്നതിനിടയിലാണ് പുത്തൻ ഫീച്ചറിന്റെ കാര്യവും പുറത്തുവന്നിരിക്കുന്നത്.
ഒരു സന്ദേശത്തിന് റിപ്ലൈ നൽകുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും ഒരുമിച്ച് കാണാം സാധിക്കും ഒരു നൂലിൽ കോർത്തത് പോലെ. അതുകൊണ്ട് തന്ന ഇതിനെ ത്രെഡ് എന്ന് വിളിക്കാം. ഗ്രൂപ്പിലെല്ലാം പല വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഈ ഫീച്ചറിന്റെ സഹായത്തോടെ നമ്മൾ പിന്തുടരുന്ന വിഷയത്തിലെ എല്ലാ സന്ദേശങ്ങളും എളുപ്പത്തിൽ കണ്ടെത്താം.
