വീടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സംവിധാനങ്ങളിൽ ഒന്നാണ് വീഡിയോ ഡോർ ബെല്ലുകൾ. സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഈ ഉപകരണങ്ങൾ ഇന്ന് പല ഹാക്കർമാരുടെയും പ്രധാന ആയുധങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീഡിയോ ഡോർ ബെല്ലുകൾ ഹാക്ക് ചെയ്യുക വഴി വീട്ടുടമസ്ഥന്റെ ദിനചര്യകൾ കൃത്യമായി മോണിറ്റർ ചെയ്യുകയാണ് ക്രിമിനലുകൾ ചെയ്യുന്നത്.
5,000 കിലോമീറ്റർ അകലെ നിന്നു വരെ വീഡിയോ ഡോർ ബെല്ലിലെ വീഡിയോ ആക്സസ് ചെയ്യാൻ സാധിക്കുമെന്ന് കൺസ്യൂമർ റിപ്പോർട്ട്സ് (സിആർ ) നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു. ചില മോഡലുകളിലുള്ള ഈ ഉപകരണങ്ങൾ ഒട്ടും സുരക്ഷിതമല്ല എന്നാണ് സിആർ വിലയിരുത്തുന്നത്. ഇവയ്ക്ക് ശക്തമായ സുരക്ഷാ വീഴ്ച ഉണ്ടെന്നാണ് കണ്ടെത്തൽ. ഐവിറ്റ് എന്ന അപ്ലിക്കേഷൻ ആണ് സാധാരണയായി ഈ വീഡിയോ ഡോർ ബെല്ലുകൾ നിയന്ത്രിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നത്. ഡാറ്റ സുരക്ഷ ഉറപ്പാക്കാൻ ഐവിറ്റ് ബ്രാൻഡിലുള്ള വീഡിയോ ഡോർബെല്ലുകൾ വൈഫൈയിൽ നിന്ന് ഡിസ്കണക്ട് ചെയ്യണമെന്നും വാതിലിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നും സിആർ ഉപദേശിക്കുന്നു.
ഡോർ ബെല്ലുകൾ വാങ്ങുന്നതിന് മുൻപ് ഇതുമായി ബന്ധപ്പെട്ട് കാര്യമായിത്തന്നെ പഠിക്കണം എന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. ലോജിടെക്, സിംപ്ലിസേഫ്, റിങ് എന്നിവയാണ് ശക്തമായ സുരക്ഷ ഉറപ്പ് നൽകുന്ന ബ്രാൻഡുകൾ എന്ന് സിആർ വിലയിരുത്തുന്നു. അന്വേഷണത്തേ തുടർന്ന് എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടാൻ ഇടയുള്ള വീഡിയോ ഡോർബെല്ലുകളുടെ വിൽപ്പന നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് ചില റീടെയ്ലർമാർ.
