സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ, മികച്ച സാമൂഹിക -രാഷ്ട്രീയ അന്തരീക്ഷം, എന്നിവയെല്ലാമുള്ള ഒരു രാജ്യത്ത് സ്ഥിരമായി ജീവിക്കാനുള്ള അവസരമാണ് കനേഡിയൻ പൗരത്വം ലഭിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രാപ്യമാകുന്നത്. തൊഴിലവസരങ്ങൾ, സാർവത്രിക ആരോഗ്യ സംരക്ഷണം, കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, ശക്തമായ പാസ്പോർട്ട് തുടങ്ങി ഈ രാജ്യം വിഭാവനം ചെയ്യുന്ന സൗകര്യങ്ങൾ ഏറെയാണ്. എങ്ങനെ കനേഡിയൻ പൗരനാകാം എന്നറിയാം.
നാച്വറലൈസേഷൻ
നാച്വറലൈസേഷൻ വഴിയാണ് കുടിയേറ്റക്കാർക്ക് പ്രധാനമായും പൗരത്വം ലഭിക്കുന്നത്. ഇതിനായി ഐആർസിസിയിൽ അപേക്ഷ സമർപ്പിക്കണം. നിർദിഷ്ട യോഗ്യതകളും ഉണ്ടായിരിക്കണം. പൗരത്വം ലഭിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുക്കണം. സിറ്റിസൺഷിപ് സെറിമണിയിലാണ് കനേഡിയൻ സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകുക.
ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വം
കാനഡയിൽ ജനിക്കുന്ന ഏതൊരാൾക്കും കനേഡിയൻ പൗരത്വം ലഭിക്കും. ഇതിൽ രക്ഷിതാക്കളുടെ പൗരത്വമോ ഇമിഗ്രേഷനോ ബാധകമല്ല.
ബന്ധുത്വം വഴി ലഭിക്കുന്ന പൗരത്വം
കനേഡിയൻ പൗരത്വമുള്ളയാൾക്ക് കാനഡയ്ക്ക് പുറത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കും. കാനഡയിൽ ജനിച്ച രക്ഷിതാക്കളുടെ മക്കൾ ഇതിന് യോഗ്യരാണ്.
ദത്തെടുപ്പിലൂടെ ലഭിക്കുന്ന പൗരത്വം
കനേഡിയൻ പൗരൻമാർ ദത്തെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പൗരത്വം നേടാൻ യോഗ്യത ഉണ്ട്. എന്നാൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിരിക്കണം.
എങ്ങനെ കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാം
ആവശ്യമായ രേഖകൾ ശേഖരിക്കുക
പൗരത്വത്തിനുള്ള യോഗ്യത കാണിക്കാൻ, ഇതിനെ പിന്തുണയ്ക്കുന്ന രേഖകൾ ഹാജരാകേണ്ടത് അത്യാവശ്യമാണ്. ഐഡന്റിറ്റി ഡോക്യുമെന്റ്, പെർമനന്റ് റസിഡൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഭാഷാ പരീക്ഷ, ഇൻകം ടാക്സ് നോട്ടീസ് ഓഫ് അസ്സസ്മെന്റ്, തുടങ്ങിയ ഡോക്യുമെന്റുകൾ എല്ലാം ഇതിനായി സമർപ്പിക്കണം.
അപേക്ഷാ ഫോം പൂരിപ്പിക്കുക
യോഗ്യതാ മാനദണ്ഡങ്ങളെല്ലാം പൂർത്തീകരിച്ച അപേക്ഷകർക്ക് ഐആർസിസി വെബ്സൈറ്റ് മുഖേന ഓൺലൈനായി കനേഡിയൻ സിറ്റിസൺഷിപ്പിന് അപേക്ഷിക്കാം. ഇത് വളരെ എളുപ്പമാണ്. അപേക്ഷ സമർപ്പിക്കാൻ പ്രോസസിങ് ചാർജ് നൽകേണ്ടതുണ്ട്.
ഓത്ത് ഓഫ് സിറ്റിസൺഷിപ്പ്
സിറ്റിസൺഷിപ്പിന് യോഗ്യരായ ആളുകൾക്ക് വേണ്ടി ഒരു സിറ്റിസൺഷിപ്പ് സെറിമണി ഐആർസിസി സംഘടിപ്പിക്കും. കാനഡ എന്ന രാജ്യത്തോട് കൂറ് പുലർത്തുമെന്നും, കനേഡിയൻ മൂല്യങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കുമെന്നും ഈ ചടങ്ങിൽ വെച്ച് പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ ഈ ചടങ്ങ് ഓൺലൈൻ ആയും നടത്താറുണ്ട്. പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ കനേഡിയൻ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് ലഭിക്കും.






