ആമസോൺ മഴക്കാടുകളുടെ ഹൃദയഭാഗത്ത് നിന്ന് 26 അടി നീളമുള്ള അനക്കോണ്ടയെ കണ്ടെത്തി. നാഷണൽ ജിയോഗ്രാഫിക് പര്യവേഷണത്തിനിടെ ടിവി വൈൽഡ് ലൈഫ് അവതാരകനായ പ്രൊഫസർ ഫ്രീക് വോങ്കാണ് ഈ ഭീമാകാരനായ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. 26 അടി നീളമുള്ള കൂറ്റൻ പാമ്പിന് 440 പൗണ്ട് ഭാരമുണ്ട്. ഇതിന്റെ തലയ്‌ക്ക് മനുഷ്യന്റെ തലയുടെ അതേ വലിപ്പമാണ് ഉള്ളത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പാമ്പാണ് ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പ് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. വിൽ സ്മിത്തിനൊപ്പം നാഷണൽ ജിയോഗ്രാഫിക്‌സ് ഡിസ്‌നി+ സീരീസായ പോൾ ടു പോൾ ചിത്രീകരണത്തിനിടെയാണ് ഈ ഭീമൻ പാമ്പിനെ കാണാനിടയായത്.
വടക്കൻ ഗ്രീൻ അനക്കോണ്ട എന്നർത്ഥം വരുന്ന ‘യൂനെക്ടസ് അക്കയിമ’ എന്ന ലാറ്റിൻ നാമമാണ് പുതിയ ഇനം പാമ്പിന് ഗവേഷകർ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ, പ്രൊഫസർ വോങ്ക് ഭീമാകാരമായ അനക്കോണ്ടയ്‌ക്കൊപ്പം നിർഭയമായി നീന്തുന്നത് കാണാം. ”ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അനക്കോണ്ടയെ വീഡിയോയിൽ കാണാം, ഒരു കാറിന്റെ ടയർ പോലെ കട്ടിയുള്ള, എട്ട് മീറ്റർ നീളവും 200 കിലോയിലധികം ഭാരവുമുള്ള പാമ്പാണ്. എന്റെ തലയോളം വലിപ്പമുള്ള തലയാണ് ഈ പാമ്പിന്റേത്. വിസ്മയപ്പിക്കുന്ന ഒരു രാക്ഷസൻ”- എന്ന് വീഡിയോയ്‌ക്ക് പ്രൊഫസർ വോങ്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നു.
