ന്യൂയോർക്ക്: ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രത്തെ ഭൂമിയിൽ നിന്നും കാണാൻ അവസരം. അടുത്ത ആഴ്ചയാണ് വാൽനക്ഷത്രം ഭൂമിയിൽ നിന്നും ദൃശ്യമാകുക. ഇതോടെ വലിയ ആകാംഷയിലാണ് വാന നിരീക്ഷകർ.
ജി3 അറ്റ്ലസ് (C/2024) എന്ന വാൽനക്ഷത്രമാണ് ഭൂമിയിൽ നിന്നും കാണാൻ അവസരം ഉള്ളത്. 1,60,000 വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും ഈ നക്ഷത്രം ഇത്തരത്തിൽ ഭൂമിയിൽ നിന്നും കാണാവുന്ന തരത്തിൽ പ്രത്യക്ഷപ്പെടുക. ഈ മാസം 13 നാണ്
ജി3 അറ്റ്ലസ് (C/2024) ദൃശ്യമാകുക. ഇത് കഴിഞ്ഞാൽ വാൽനക്ഷത്രത്തെ ദർശിക്കണമെങ്കിൽ ലക്ഷം വർഷം കാത്തിരിക്കണം. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് തിളക്കമേറിയ നക്ഷത്രം ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
സഞ്ചാരത്തിനിടെ ജനുവരി 13 ന് ആയിരിക്കും ഈ നക്ഷത്രം സൂര്യന് ഏറ്റവും അടുത്തായി എത്തുക. ഇതേ തുടർന്നാണ് ദൃശ്യമാകുന്നത്. ചിലിയിലെ അറ്റ്‌ലസ് ദൂരദർശിനിയാണ്
ജി3 അറ്റ്ലസ് (C/2024) നെ ആദ്യം കണ്ടെത്തിയത്. അപ്പോൾ ഭൂമിയിൽ നിന്നും 655 ദശലക്ഷം കിലോമീറ്റർ അകലെ ആയിരുന്നു ഇതിന്റെ സ്ഥാനം. ഇവ ഒരു തവണ സൂര്യനെ വലം വയ്ക്കണം എങ്കിൽ 1,60,000 വർഷം എടുക്കും എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
അതേസമയം വാൽനക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന വാർത്ത ലോകമെമ്പാടുമുള്ള വാനനിരീക്ഷകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. അപൂർവ്വ പ്രതിഭാസം കാണാൻ വലിയ തയ്യാറെടുപ്പുകൾ ആണ് ഇക്കൂട്ടർ നടത്തിയിട്ടുള്ളത്.