കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ബ്ലാക്ക്‌മെയിൽ ഫോൺ കോളുകൾ വരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ . ഇന്ത്യൻ പൗരന്മാരുടെ പണം തട്ടിയെടുക്കാനുള്ള ഇത്തരം കോളുകൾ ലഭിക്കുന്നത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിൽ ചർച്ച ചെയ്യേണ്ട നിരവധി വിഷയങ്ങളുണ്ട്. ആക്രമിക്കപ്പെട്ട ഒരു ക്ഷേത്രത്തെ സംബന്ധിച്ചുള്ള ഒരു പ്രശ്നം ഉണ്ടായിരുന്നു. പിന്നീട് കനേഡിയൻ പൊലീസ് ക്ഷേത്ര പരിസരം അന്വേഷിച്ചു, അതിൽ കടന്നുകയറിയിരുന്നയാൾ മാനസികാസ്വാസ്ഥ്യത്തിന് പ്രശ്നമുള്ളയാളാണെന്ന് പിന്നീട് തെളിയുകയും അവർ ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. അതിനാൽ ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു,” ജയ്‌സ്വാൽ പറഞ്ഞു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കാനഡയിലെ നിയമ ഉദ്യോഗസ്ഥർ ഇൻഡോ-കനേഡിയൻ സമൂഹം നടത്തുന്ന ചില ബിസിനസ്സുകളെ ലക്ഷ്യമിട്ട് നടക്കുന്ന കൊള്ള ശ്രമങ്ങൾ അന്വേഷിക്കാനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.കാനഡയിലെ പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ കുറഞ്ഞത് ഒമ്പത് സംഭവങ്ങളെങ്കിലും അന്വേഷിക്കുന്നുണ്ടെന്ന് പറയുന്നു. ഈ നടപടി ഇൻഡോ-കനേഡിയൻ സമൂഹത്തിൽ ആശങ്കയ്ക്ക് കാരണമായി.
