ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇസ്രൊ (ISRO) ചെയർമാൻ എസ്. സോമനാഥ് . ഇതോടെ സൗര മണ്ഡലത്തിലെ കൊടും ചൂട് അതിജീവിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ കൈവരിച്ചെന്ന് ശാസ്ത്ര ലോകം മനസിലാക്കും.
സൂര്യന്‍റെ എൽ1 ഭ്രമണപഥത്തിൽനിന്ന് സൗര നിരീക്ഷണം നടത്തുന്നതിനുള്ള സ്പേസ് ഒബ്സർവേറ്ററിയാണ് ആദിത്യ എൽ1. സൗര മണ്ഡലത്തിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം. അടുത്ത അഞ്ച് വർഷത്തേക്ക് ഇത് തുടരും.സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങൾ, പ്രഭാമണ്ഡലം, വർണമണ്ഡലം, കൊറോണ തുടങ്ങിയ പാളികൾ, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനം എന്നിവയും സാധ്യമാക്കും. ആദിത്യ ലക്ഷ്യമിട്ടിരിക്കുന്ന എൽ1 പോയിന്‍റ് തൊടുന്നതോടെ ആദിത്യയുടെ എൻജിൻ ഒരിക്കൽക്കൂടി പ്രവർത്തിച്ച് കൂടുതൽ മുന്നോട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കും. ചൊവ്വ ദൗത്യമായ മംഗൾയാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യ .
