ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസ് . അല്ലു അര്‍ജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റര്‍ മാനേജ്മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തില്‍ രേവതി എന്ന യുവതി മരിച്ചിരുന്നു. രേവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്.
അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തുമെന്ന് തീയറ്റര്‍ മാനേജ്‌മെന്റിന് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ആ വിവരം പൊലീസിനെ അറിയിച്ചത് അവസാനനിമിഷമാണെന്നും പൊലീസ് ആരോപിച്ചു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം സ്ഥലത്ത് വന്‍തോതില്‍ ഉന്തും തള്ളും ഉണ്ടാക്കിയെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറഞ്ഞു.
9.30-യ്ക്ക് ആര്‍ടിസി ക്രോസ് റോഡിലേക്ക് അല്ലു അര്‍ജുന്റെ വാഹനം എത്തിയപ്പോള്‍ ആളുകള്‍ വലിയ രീതിയില്‍ തടിച്ചു കൂടിയത്. അവിടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തു. ഇത് സാഹചര്യം വഷളാക്കി എന്നും പോലീസ് പറഞ്ഞു. കേസില്‍ അല്ലു അര്‍ജുനെയും പ്രതി ചേര്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
