രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് നേരെ വീണ്ടും വലിയൊരു ചോദ്യചിഹ്നമുയർത്തിയ സംഭവമായിരുന്നു ബംഗാളിൽ ഓഗസ്റ്റ് ഒമ്പതിന് നടന്ന യുവഡോക്ടറുടെ കൊലപാതകം. അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെട്ട ശേഷം, അർദ്ധനഗ്നമായ നിലയിലായിരുന്നു യുവ ഡോക്ടറുടെ മൃതദേഹം കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നും കണ്ടെടുക്കപ്പെട്ടത്. തുടർന്ന് രാജ്യമൊട്ടാകെ വലിയ പ്രതിഷേധമിരമ്പി. ബംഗാളിൽ സവിശേഷിച്ചും. ഇപ്പോഴും രാപ്പകലില്ലാതെ, ലിംഗഭേദമന്യേ നിരവധി പേരാണ് പ്രതിഷേധവമായി തെരുവുകളിൽ തുടരുന്നത്.
ഇതിനിടെ ഇന്ന് പുലർച്ചെയോടെ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് നേരെയും, പുറത്ത് പ്രതിഷേധിച്ചിരുന്ന ഡോക്ടർമാർക്ക് നേരെയും ആയിരക്കണക്കിന് വരുന്ന അക്രമികൾ വ്യാപക അക്രമം അഴിച്ചുവിടുകയുണ്ടായി. സമരക്കാർക്ക് നേരെ ഇഷ്ടികയും കല്ലുമടക്കം എറിഞ്ഞ അക്രമികൾ മെഡിക്കൽ കോളേജ് ആശുപത്രി അടിച്ചുതകർത്ത ശേഷമാണ് പിരിഞ്ഞുപോയത്. നിരവധി പൊലീസുകാർക്കും സമരക്കാർക്കും സംഭവത്തിൽ പരിക്കുകൾ സംഭവിച്ചിരുന്നു. അക്രമം നടക്കുമ്പോൾ സമരപ്പന്തലിലുണ്ടായിരുന്ന പാലക്കാട് സ്വദേശിയും കോളേജിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥിയുമായ ഡോ. സാലിഹ് ഷംസുദ്ധീൻ അക്രമത്തിന്റെ ഭീകരത റിപ്പോർട്ടറിനോട് വിവരിച്ചു.
നിരനിരയായി ലോറികൾ, അതിൽ കമ്പും വടിയുമായി അക്രമികൾ
പി ജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ‘രാത്രികളെ വീണ്ടെടുക്കുക’ എന്ന മുദ്രാവാക്യവുമായി നിരവധി സ്ത്രീകൾ കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ബാരിക്കേഡും മറ്റുമെല്ലാം വെച്ച് പുറത്തു നിന്നുള്ളവർക്ക് കർശന നിയന്ത്രണമേർപ്പെടുത്തി, കനത്ത സുരക്ഷയിലായിരുന്നു പ്രതിഷേധം നടന്നത്. വളരെ സമാധാനപരമായിരുന്ന ആ മാർച്ചിന് ശേഷം, അതിൽ പങ്കെടുത്ത വനിതാ ഡോക്ടർമാർ അടക്കമുള്ളവർ ആശുപത്രിക്കരികിലെ പ്രതിഷേധവേദിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
