രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആരാധകരെ കണ്ട് ദളപതി വിജയ്. പുതിയ സിനിമയായ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’സെറ്റിൽ വച്ചാണ് താരം ആരാധകരെ നേരിൽ കണ്ടത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. ഈ സിനിമയ്ക്കു ശേഷമോ അല്ലെങ്കിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ദളപതി 69 ന് ശേഷം സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള നൽകി രാഷ്ട്രീയത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.
‘എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്‍കളെ’ എന്നാണ് ഇക്കാലമത്രയും അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു ശേഷം ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’ എന്നാണ് താരത്തിന്റെ പുതിയ അഭിസംബോധന.
‘തമിഴ് വെട്രി കഴകം’ എന്നാണ് വിജയ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് പാർട്ടി പ്രഖ്യാപനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി.
