കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് എറണാകുളം തൃപ്പൂണിത്തുറയിൽ പ്രതിഷേധം. ഉദയം പേരൂർ സ്വദേശി ജയകുമാറിൻ്റെ വീടിനു മുന്നിലാണ് യുവതികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. കാനഡയിൽ ജോലിക്ക് വേണ്ടി 24 ലക്ഷം രൂപ വാങ്ങിയെന്നും കാശ് വാങ്ങി ആറ് മാസം കഴിഞ്ഞിട്ടും വിസയോ പണമോ ഇല്ലെന്ന് തട്ടിപ്പിനിരയായ രണ്ട് കുടുംബങ്ങൾ പറയുന്നു.
പിറവം സ്വദേശിയായ സെറിൻ പോൾ, പുതിയ കാവ് സ്വദേശി രശ്മി മോഹൻ എന്നിവർ കുടുംബത്തോടൊപ്പമാണ് ജയകുമാറിൻ്റെ വീടിനു മുന്നിൽ പ്രതിഷേധിക്കുന്നത്. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിന് പരാതി നൽകിയതായും പിന്നീട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടും പണം തിരികെ ലഭിച്ചിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. പണം തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നതായും ഇവർ വ്യക്തമാക്കി.







