കാനഡയിൽ അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. കടുത്ത മത്സരം നടക്കുന്ന സാഹചര്യത്തിൽ ഒന്നോ അതിലധികമോ പാർട്ടികൾക്ക് വൻ നേട്ടമോ കനത്ത തിരിച്ചടിയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിന്നിപെഗിലെ എൽമ്യുഡ്-ട്രാൻസ്കോണ, മൺട്രിയോളിലെ ലാസല്ലി-എമാർഡ്-വെർഡൂൺ റൈഡിങുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽമ്യുഡ്-ട്രാൻസ്കോണയിൽ എൻഡിപിയും കൺസർവേറ്റീവ്സും ശക്തമായ പോരാട്ടത്തിലേക്കാണ് പോകുന്നത്. അതേ സമയം ലാസല്ലി-എമാർഡ്-വെർഡൂണിൽ ലിബറൽസ്, എൻഡിപി, ബ്ലോക്ക് ക്യുബെക്കോയിസ് തുടങ്ങിയ മൂന്ന് കക്ഷികൾ ഏറ്റുമുട്ടും.
എൻഡിപിയും ലിബറലുകളും ജയിക്കുകയും കൈവശം വച്ചിരുന്ന സീറ്റുകൾ തിരിച്ചു പിടിക്കുകയും ചെയ്താൽ പല കാര്യങ്ങളിൽ വലിയ വിമർശനം നേരിടുന്ന പ്രധാനമന്ത്രിക്ക് അത് വലിയ ആശ്വാസമാകും. ടൊറന്റോയിലെ മറ്റൊരു ഉപതിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ഒരു സീറ്റ് കൺസർവേറ്റീവുകൾ പിടിച്ചെടുത്തിരുന്നു. ഈ തോൽവി ഭരണകക്ഷിയിൽ ഞെട്ടലുണ്ടാക്കുകയും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേതാവ് സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തു.
കൺസർവേറ്റീവുകൾക്ക് എൻഡിപിയിൽ നിന്ന് വിൻപെഗ് സീറ്റ് തട്ടിയെടുക്കാൻ കഴിഞ്ഞാൽ അത് എതിരാളികളുടെ മേൽ പാർട്ടിയുടെ ശക്തമായ ലീഡ് കൂടുതൽ ഉറപ്പിക്കും. അതോടൊപ്പം തന്നെ എൻഡിപിയുടെ കരുത്തുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുകയും ചെയ്യും.
മോൺട്രിയാലിൽ എൻഡിപി ജയിച്ചാൽ ക്യുബെക്കിൽ പാർട്ടിക്ക് അത് വൻകരുത്താകും. അതേസമയം മോൺട്രിയൽ ലിബറൽസിനെ കൈവിട്ടാൽ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അത് വൻ പ്രഹരവുമാകും.
