എഡ്മൻ്റനിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. എഡ്മൻ്റനിലെ ഡൗൺടൗൺ അപ്പാർട്ട്മെൻ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ ഇരുപതുകാരനായ ഹർഷൻദീപ് സിംഗിനെ വെടിവച്ച് കൊന്ന സംഭവത്തിലാണ് 30 കാരനായ ഇവാൻ റെയ്‌നും 30 കാരിയായ ജൂഡിത്ത് സോൾട്ടോയും അറസ്റ്റിലായതായത്. ഇവരുടെ കൈയ്യിൽ നിന്ന് ആയുധവും കണ്ടെത്തി. ഇരുവർക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി .
വെള്ളിയാഴ്ച 106 സ്ട്രീറ്റിലെ കെട്ടിടത്തിൽ പുലർച്ചെ 12.30 ഓടെയാണ് സംഭവം. സിംഗിൻ്റെ പോസ്റ്റ്‌മോർട്ടം തിങ്കളാഴ്ച നടക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിസിടി വി ദൃശ്യം പ്രചരിക്കുന്നുണ്ട്. എന്നാൽ കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ ആ വീഡിയോയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 780-423-4567 അല്ലെങ്കിൽ #377 എന്ന നമ്പറിൽ ഒരു സെൽഫോണിൽ നിന്ന് ബന്ധപ്പെടണമെന്നും പൊലീസ് വ്യക്തമാക്കി.
