ഗുരുതര നിയമലംഘനം നടത്തിയ ബ്രിട്ടീഷ് കൊളംബിയയിലെ ഇന്ത്യന്‍ വംശജന്റെ വൈനറിക്ക് നിരോധനം ഏർപ്പെടുത്തി ഫെഡറല്‍ സര്‍ക്കാര്‍. താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഗുരുതര നിയമലംഘനം നടത്തിയതിനാലാണ് നടപടി. നിരോധനവും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഒകനാഗന്‍ ഒലിവറില്‍ ഇന്ത്യന്‍ വംശജനായ റന്‍ദീര്‍ ടൂറിന്റെ ടൂര്‍ വൈന്‍യാര്‍ഡ്‌സ് എന്ന കമ്പനി നടത്തുന്ന ഡെസേര്‍ട്ട് ഹില്‍സ് എസ്റ്റേറ്റ് വൈനറിയ്‌ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് സ്ഥിരമായ വിലക്കും ടൂര്‍ വൈന്‍യാര്‍ഡ്‌സിന് 118,000 ഡോളര്‍ പിഴയും ചുമത്തിയതായി അധികൃതര്‍ അറിയിച്ചു.
ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ ടൂര്‍ വൈന്‍യാര്‍ഡ്‌സ് സമര്‍പ്പിച്ചില്ലെന്നതടക്കമുള്ള നിരവധി ലംഘനങ്ങളാണ് കമ്പനി നടത്തിയതെന്ന് സര്‍ക്കാര്‍ ഡോക്യുമെന്റില്‍ ചൂണ്ടിക്കാട്ടുന്നു. എംപ്ലോയ്‌മെന്റ് ഓഫറില്‍ കാണിച്ചിരിക്കുന്ന ശമ്പളമോ തൊഴില്‍ സാഹചര്യങ്ങളോ അല്ല കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ശാരീരിക പീഡനം, ലൈംഗികാതിക്രമം, മാനസിക പീഡനം,സാമ്പത്തിക ചൂഷണം തുടങ്ങിയവയില്‍ നിന്നും തൊഴില്‍ സ്ഥലത്ത് ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും ഡോക്യുമെന്റില്‍ ചൂണ്ടിക്കാണിക്കുന്നു.
ബീസിയില്‍ ഇന്ത്യന്‍ വംശജന്റെ വൈനറിക്ക് നിരോധനം ഏര്‍പ്പെടുത്തി ഫെഡറല്‍ സര്‍ക്കാര്‍

Reading Time: < 1 minute