ലോകം കോവിഡിന്റെ പിടിയിലായ 2020 മുതൽ ലോകത്തെ അഞ്ച് അതിസമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായെന്ന് ബ്രിട്ടീഷ് ജീവകാരുണ്യസംഘടനയായ ഓക്സ്ഫാം. ഇക്കാലയളവിൽ ലോകത്തെ 500 കോടി ദരിദ്രർ കൂടുതൽ ദരിദ്രരായി. ലോകജനസംഖ്യയുടെ 60 ശതമാനംവരും ഈ ദരിദ്രർ. പത്തുവർഷത്തിനുള്ളിൽ ആദ്യത്തെ ‘ട്രില്യണയർ’ (ലക്ഷംകോടിയിലേറെ സമ്പത്തുള്ളയാൾ) ലോകത്തുണ്ടാകുമെന്ന പ്രവചനവും റിപ്പോർട്ടിലുണ്ട്. ഇങ്ങനെപോയാൽ രണ്ടുനൂറ്റാണ്ടുകഴിഞ്ഞാലേ (ഏകദേശം 229 വർഷം) സമ്പൂർണ ദാരിദ്ര്യനിർമാർജനം സാധ്യമാകൂവെന്നും റിപ്പോർട്ട് പറയുന്നു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോകസാമ്പത്തികഫോറം വാർഷികയോഗത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ചയാണ് ഓക്സ്ഫാം ‘അസമത്വ’റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക അസമത്വത്തിൽ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. ലോകത്തിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് പണപ്പെരുപ്പ് നിരക്കിനേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് വളര്‍ന്നതെന്നും ഓക്‌സ്ഫാം റിപ്പോർട്ട് പറഞ്ഞു. ലോകത്തെ ഏറ്റവുംവലിയ 10 കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഏഴിന്റെയും സി.ഇ.ഒ. അല്ലെങ്കിൽ പ്രധാന ഓഹരി ടമ ശതകോടീശ്വരർ ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ലോകത്തെ സമ്പത്തിന്റെ 69 ശതമാനവും വടക്കേ അമേരിക്കയും യൂറോപ്പും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ‘ആഗോള ഉത്തര’രാജ്യങ്ങളുടെ കൈയിലാണ്. ലോകജനസംഖ്യയുടെ 21 ശതമാനം മാത്രമാണ് ഈ രാജ്യങ്ങളിലുള്ളത്. പക്ഷേ, ആഗോളസമ്പത്തിന്റെ 74 ശതമാനവും ഇവിടെയാണെന്ന് ഓക്സ്ഫാം പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് സാമ്പത്തിക അസമത്വം കൂടുതൽ പ്രകടം.
