നിലവിലെ സംവിധാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഒട്ടാവയിൽ പ്രമുഖ കുടുംബ ഡോക്ടർ പ്രാക്ടീസ് അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവിശ്യാ ഗവൺമെന്റിന് മുന്നറിയിപ്പുമായി ഒന്റാരിയോ മെഡിക്കൽ അസോസിയേഷൻ. വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രാക്ടീസ് ഉപേക്ഷിക്കാൻ തീരുമാനിച്ച ഡോക്ടറുടെ നിലപാട് തങ്ങളിൽ പലരും പിന്തുടരുമെന്നാണ് സംഘടന വ്യക്തമാക്കിയത്.
നിലവിലെ ആരോഗ്യ സംവിധാനം ഡോക്ടർമാർക്ക് അനുകൂലമായി ഉടൻ സുസ്ഥിരപ്പെടുത്തണം എന്നതാണ് ആവശ്യം. 2026 ഓടെ ഒന്റാരിയോയിലെ നാലിൽ ഒന്ന് നിവാസികൾക്ക് കുടുംബ ഡോക്ടർ ഉണ്ടാവില്ലെന്നാണ് ഒന്റാരിയോ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യൻസ് വിലയിരുത്തുന്നത്. പ്രാക്ടീസ് സുസ്ഥിരമല്ലെന്ന കാരണം കൊണ്ടാണ് ഡോക്ടർമാരുടെ കൂട്ടക്കൊഴിഞ്ഞു പോക്ക്. കൂടുതൽ ഫിസിഷ്യൻമാരും നേരത്തെ വിരമിക്കാൻ തീരുമാനിക്കുന്നതും പ്രതിസന്ധിയാണ്. കുടുംബ ഡോക്‌ടർമാർക്ക് ഓരോ ആഴ്ചയും 19 മണിക്കൂർ വരെ കടലാസുപണികൾ ചെയ്യേണ്ടതുണ്ട്. ക്ലിനിക്കൽ ജോലി ചെയ്‌തതിന് ശേഷമാണ് ഇത്തരം ജോലികൾ പൂർത്തിയാക്കേണ്ടത്. കുടുംബ ഡോക്ടർമാരുടെ അഭാവം ഏവരുടെയും ആരോഗ്യം അപകടത്തിൽ ആക്കും എന്നാണ് വിലയിരുത്തൽ.
