കാനഡയിലെത്തുന്ന പുതിയ താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ. ആദ്യമായാണ് ഇത്തരമൊരു നടപടി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താൽക്കാലിക താമസക്കാരുടെ എണ്ണം അഞ്ച് ശതമാനം കുറയ്ക്കാനാണ് നീക്കം. ഓരോ വർഷവും രാജ്യത്തേക്ക് എത്തുന്ന താൽക്കാലിക ജീവനക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് മാർക്ക് മില്ലർ പറഞ്ഞു. താൽക്കാലിക തൊഴിലാളികളോടുള്ള അമിത താൽപ്പര്യം വർധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബറിൽ ഇതുമായി ബന്ധപ്പെട്ട ആദ്യ ലക്ഷ്യങ്ങൾ നിശ്ചയിക്കും. മെയ് മാസത്തിൽ പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ, ഫെഡറൽ മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും മാർക്ക് മില്ലർ അറിയിച്ചു. തൊഴിൽ ആവശ്യങ്ങളുമായി താത്കാലിക താമസക്കാരെ മികച്ച രീതിയിൽ യോജിപ്പിക്കുന്നതിനും സിസ്റ്റത്തിലെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും താൽക്കാലിക താമസക്കാരെ കൊണ്ടുവരുന്ന നിലവിലുള്ള പ്രോഗ്രാമുകൾ പരിശോധിക്കുമെന്നും മില്ലർ കൂട്ടിച്ചേർത്തു
