ഉപരിപഠനവും കാനഡയിലെ പിആറും ലക്ഷ്യം വെച്ച് ഓരോ വർഷവും നൂറ് കണക്കിന് വിദ്യാർത്ഥികളാണ് കാനഡയിലെത്തുന്നത്. എന്നാൽ ഇന്ത്യ -കാനഡ നയതന്ത്ര ബന്ധം വഷളായതോടെ ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശത്ത് പഠിക്കാനുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ കാനഡയുടെ ജനപ്രീതി ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ മങ്ങുന്നതായാണ് റിപോർട്ടുകൾ. ഇന്ത്യൻ അപേക്ഷകൾ കുറഞ്ഞതോടെ കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ കുതിപ്പിൽ ഇടിവുണ്ടായതായി കാനഡയിലെ ഏറ്റവും വലിയ ഇൻഡിപെൻഡന്റ് ഹൗസിംഗ് ന്യൂസ് ഔട്ട്‌ലെറ്റായ Better Dwelling റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം കാനഡയിലെ എല്ലാ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40% ഇന്ത്യക്കാരായിരുന്നു.
2021-ൽ സമർപ്പിച്ച എല്ലാ അഞ്ച് സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ രണ്ടിലും (43%) ഇന്ത്യക്കാരുടേതായിരുന്നു. 2022-ൽ, അത് പകുതിയിലധികം (49%) ആയി വർദ്ധിക്കുകയും ചെയ്തു. 2023 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ, 42% അപേക്ഷകളും ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നായിരുന്നു. എന്നാൽ ജൂണിൽ അപേക്ഷകൾ കുത്തനെ ഇടിഞ്ഞു.
2022 ജൂലൈ മുതൽ ഒക്‌ടോബർ വരെ കനേഡിയൻ ഗവൺമെന്റ് ഇന്ത്യൻ പൗരന്മാരുടെ 146,000 അധികം സ്റ്റഡി പെർമിറ്റ് അപേക്ഷകൾ പ്രോസസ്സ് ചെയ്തു. എന്നാൽ 2023-ൽ ഇതേ കാലയളവിൽ 87,000-ത്തിൽ താഴെ മാത്രം അപേക്ഷകളാണ് ലഭിച്ചത്. ഇത് പ്രതിവർഷം 41% കുറവ് പ്രതിഫലിപ്പിക്കുന്നു.
കാനഡയോടുള്ള താൽപര്യം പെട്ടെന്ന് കുറയുന്നതിന് പിന്നിലെന്ത്?
കാനഡ-ഇന്ത്യ രാഷ്ട്രീയ പിരിമുറുക്കങ്ങളാണ് പ്രധാന കാരണം. ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍വച്ച് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ തർക്കം ആരംഭിച്ചത്.
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന പൊതുവായുള്ള സംസാരമാണ് രണ്ടാമത്തേത്. വീടുകളുടെ ലഭ്യത കുറവ്, ഉയർന്ന വാടക, തൊഴിലില്ലായ്മ ഇതെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. വഞ്ചനയ്ക്ക് ഇരയായി നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ നാടുകടത്തുന്ന സംഭവവും അടുത്തിടെ ഉണ്ടായിരുന്നു.
കാനഡയിൽ കുടിയേറ്റം വാഗ്ദാനം ചെയ്ത് പല തരത്തിലുള്ള വ്യാജ റിക്രൂട്ട്മെന്റുകൾ വർധിച്ചതായും നിരവധി പേർ തട്ടിപ്പിന് ഇരയായതായും വിദ്യാർത്ഥികളെ കാനഡ മോഹം മാറ്റിവയ്ക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
