ഒട്ടാവ: 2019ലെയും 2021ലെയും ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയുടെ സാധ്യമായ ഇടപെടലുകളെക്കുറിച്ച് അന്വേഷണം തുടങ്ങി കാനഡ. കാനഡയിലെ വിദേശ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു സ്വതന്ത്ര കമ്മീഷൻ ബുധനാഴ്ച ട്രൂഡോ സർക്കാരിനോട് സാധ്യമായ എല്ലാ വിവരങ്ങളും പങ്കിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയുടെ ഈ അന്വേഷണം ഇന്ത്യയുടെ പ്രവർത്തനങ്ങളെ സൂഷ്മമായി വിലയിരുത്തും. ഇത് ഇതിനകം തന്നെ സംഘർഷഭരിതമായ ഒട്ടാവ-ന്യൂഡൽഹി ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് സൂചന.
കനേഡിയൻ തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകളെ കുറിച്ച് പൊതു അന്വേഷണം നടത്താൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ സെപ്തംബറിൽ കമ്മീഷനെ രൂപീകരിച്ചിരുന്നു.ഫെഡറൽ ഇലക്ടറൽ പ്രക്രിയകളിലും ജനാധിപത്യ സ്ഥാപനങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ കമ്മീഷൻ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യൂബെക്ക് ജഡ്ജി മേരി-ജോസി ഹോഗിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ, മെയ് മൂന്നിന് ഇടക്കാല റിപ്പോർട്ട് പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ അന്തിമ റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
