അരനൂറ്റാണ്ടിനു ശേഷം ഒൻ്റാറിയോയിൽ മനുഷ്യരിൽ പേവിഷബാധ റിപ്പോർട്ട് ചെയ്തു. വവ്വാലുമായി നേരിട്ട് സമ്പർക്കമാണ് വൈറസ് ബാധയ്ക്ക് കാരണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. കീരൻ മൂർ പറഞ്ഞു. പ്രവിശ്യയുടെ വടക്കൻ ഭാഗത്തുള്ള ടിമിസ്‌കാമിംഗ് മേഖലയിലെ വ്യക്തി ആശുപത്രിയിലാണെന്നും ബ്രാൻ്റ് കൗണ്ടി ഹെൽത്ത് യൂണിറ്റ് പറയുന്നു. ആളുകളിൽ വൈറസ് വളരെ അപൂർവമാണെന്നും 1967 മുതൽ പ്രവിശ്യയിൽ മറ്റാർക്കും പേവിഷബാധ പിടിപ്പെട്ടിട്ടില്ലെന്നും ഹെൽത്ത് യൂണിറ്റ് വ്യക്തമാക്കി.
വവ്വാൽ, നായ, പൂച്ച, റാക്കൂൺ, കുറുക്കൻ, സ്കങ്ക് എന്നീ രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീർ, കഫം എന്നിവയിലൂടെയാണ് രോഗം പടരുന്നത്.
റാബിസ് ബാധിച്ച മൃഗത്തിന്റേ കടിയോ മാന്തലോ ഏല്‍ക്കുന്നതിന്റെ ഫലമായാണ് വിഷബാധ മറ്റൊരാളിലേക്കോ അല്ലെങ്കില്‍ മറ്റൊരു മൃഗത്തിലേക്കോ പകരുന്നത്. പേവിഷബാധ ഉണ്ടാക്കുന്നത് ആര്‍ എന്‍ എ വൈറസാണ്. ഇത് വിഷബാധയേറ്റ വ്യക്തിയുടെ തലച്ചോറിന്റെ ആവരണത്തില്‍ വീക്കമുണ്ടാക്കുകയും അതുവഴി മരണത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. മാരകമായ ജന്തുജന്യരോഗമാണ് റാബീസ് വൈറസുണ്ടാക്കുന്ന പേവിഷബാധ. പേവിഷബാധമൂലം പ്രതിവര്‍ഷം 55,000 – 60,000 വരെ മരണങ്ങളാണ് ലോകത്താകമാനം സംഭവിക്കുന്നത്.
ലക്ഷണങ്ങൾ
പലപ്പോഴും തുടക്കം തലവേദനയോടു കൂടിയ ഒരു പനിയിൽ നിന്നാണ്. ചിലർക്ക് കടിയേറ്റ ഭാഗത്ത് തരിപ്പോ ചൊറിച്ചിലോ അനുഭവപ്പെടാം. എന്നാൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ, പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങൾ, ഉറക്കമില്ലായ്‌മ, വിഭ്രാന്തി എന്നിവ പ്രകടിപ്പിക്കുന്നു. വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, പലപ്പോഴും വെള്ളം കാണുമ്പോഴുള്ള പേടി (hydrophobia) ആയാണ് രോഗി പ്രകടിപ്പിക്കുക. അന്ത്യം പലപ്പോഴും ദാരുണമാണ്. ചെറിയ വെളിച്ചമോ ഇളം കാറ്റോ പോലും കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന, ഇടയ്ക്കിടെ അപസ്മാരമുണ്ടാവുന്ന, ബോധത്തിനും അബോധാവസ്‌ഥയ്ക്കുമിടയിൽ മുങ്ങിനിവരുന്ന ദാരുണമായ അവസ്‌ഥ. പേവിഷബാധയുണ്ടായാൽ മരണം നൂറുശതമാനത്തോളം ഉറപ്പാണ്. അപൂർവമായി ചിലർ ലോകത്ത് പല ഭാഗങ്ങളിലായി രക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതൊക്കെ വിരലിൽ എണ്ണാവുന്നവ മാത്രമാണ്.
