പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിഖ്യാത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്റെ മകനാണ്. സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്. യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ എന്ന സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കാനും അദ്ദേഹം തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.
സംവിധായകന്‍, നിശ്ചലഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സംഗീത് ശിവന്‍. ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെയും ചന്ദ്രമണിയുടയയും മകനായി 1959ല്‍ ജനിച്ചു. തിരുവനന്തപുരം ലയോള കോളേജ്, എം ജി കോളേജ്, മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
1976ല്‍ ബിരുദ പഠനത്തിനശേഷം പരസ്യങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്യാന്‍ തുടങ്ങി. ആ സമയത്താണ് സഹോദരനുമായി ചേര്‍ന്ന് ഒരു പരസ്യകമ്പനിക്ക് രൂപം നല്‍കുന്നത്. അച്ഛന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററികളില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു.
പ്രശസ്ത സംവിധായകൻ സംഗീത് ശിവന്‍ അന്തരിച്ചു
Reading Time: < 1 minute






