ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഹിന്ദു ക്ഷേത്ര അധ്യക്ഷന്റെ മകന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പിൽ നിലപാട് ശക്തമാക്കി ഇന്ത്യ. ബുധനാഴ്ച (ഡിസംബർ 27) പുലർച്ചെയാണ് ലക്ഷ്മി നാരായൺ മന്ദിർ പ്രസിഡന്റായ സതീഷ് കുമാറിന്റെ മകന്റെ സറേയിലെ വസതിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
കാനഡയിൽ ഹിന്ദു സമുദായങ്ങൾക്കെതിരായ അക്രമങ്ങൾ ആശങ്കാജനകമായ വർദ്ധനയുണ്ടായി. രാജ്യത്ത് ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾ കൂടുതൽ നശീകരണ പ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമായിട്ടുണ്ട്, ഇതിനെതിരെ നടപടിയെടുക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു.
നവംബറിൽ, ഇന്ത്യൻ വംശജനായ കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ, സറേയിലെ ഹിന്ദു ലക്ഷ്മി നാരായൺ മന്ദിറിൽ ഖാലിസ്ഥാനി അനുകൂലികൾ പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. എന്നാൽ മന്ദിറിന് അടുത്തിടെ ലഭിച്ച ഭീഷണികളുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട് ആക്രമിക്കപ്പെട്ടയാൾ ഒരു ഹിന്ദു വ്യവസായിയാണ്. 80 അവന്യൂവിലെ 14900 ബ്ലോക്കിലാണ് റസിഡന്റ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം.
ഈ വർഷം ഓഗസ്റ്റിൽ ഖാലിസ്ഥാൻ റഫറണ്ടം പോസ്റ്ററുകൾ ഉപയോഗിച്ച് കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രം തീവ്രവാദികൾ നശിപ്പിച്ചിരുന്നു. ഏപ്രിലിൽ, കാനഡയിലെ ഒന്റാറിയോയിലെ വിൻഡ്‌സറിൽ BAPS സ്വാമിനാരായണ ക്ഷേത്രത്തിൽ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ നടത്തി. ഫെബ്രുവരിയിൽ കാനഡയിലെ മിസിസാഗയിലെ രാം മന്ദിർ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് നശിപ്പിക്കപ്പെട്ടു. ജനുവരിയിൽ, ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കി. നിരന്തരം ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണം ജനരോഷത്തിന് കാരണമായിടുണ്ട്.







