ടൊറന്റോയിൽ രണ്ടാമത്തെ അഞ്ചാംപനി സ്ഥിരീകരിച്ചു. യാത്ര ചെയ്ത് തിരിച്ചെത്തിയ കുട്ടിക്കാണ് ഈ രോഗം ബാധിച്ചതെന്ന് പൊതുജനാരോഗ്യ ഏജൻസി അറിയിച്ചു. കുട്ടി വീട്ടിൽ ചികിത്സയിലാണ്. ഫെബ്രുവരി 16 ന് ടൊറന്റോയിൽ ആദ്യത്തെ അഞ്ചാംപനി കേസ് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് 11 ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 5:30 വരെ അഗിൻകോർട്ട് പബ്ലിക് ലൈബ്രറിയിൽ സന്ദർശിച്ചവർക്ക് പൊതുജനാരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി.
എന്താണ് അഞ്ചാംപനി? ലക്ഷണങ്ങൾ എന്തൊക്കെ?
ന്യുമോണിയ, വയറിളക്കം, മസ്തിഷ്ക ക്ഷതം എന്നിവയ്ക്ക് കാരണമാകുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വായുവിലൂടെയാണ് മീസിൽസ് വൈറസുകൾ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. ശക്തമായ പനി, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം







