ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അതിനിടയിൽ ട്രൂഡോ ലിബറൽ ലീഡർ സ്ഥാനം രാജിവെയ്ക്കണമെന്ന് എൻഡിപി നേതാവ് ജഗ്മീത് സിങ് വ്യക്തമാക്കി. ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റ് പറയുന്നതനുസരിച്ച്, ഏപ്രിലിന് മുമ്പ് ട്രൂഡോ രാജിവയ്ക്കാൻ സാധ്യതയുണ്ടെന്നും കനേഡിയൻ നേതാക്കൾക്കിടയിലും സ്വന്തം പാർട്ടിയിലും അദ്ദേഹത്തിൻ്റെ രാജി ആവശ്യം ശക്തമാണെന്നും പറയുന്നു. രാജി അല്ലെങ്കിൽ പാർലമെൻ്റ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കാണ് ട്രൂഡോയുടെ പോക്കെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാർലമെൻ്ററി സെഷൻ അവസാനിപ്പിക്കുന്നതോടെ രാജിവെയ്ക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പാർലമെൻ്റിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന 10 വർഷത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോൾ 63 ശതമാനം വരെയുണ്ടായിരുന്ന അദ്ദേഹത്തിനുള്ള പിന്തുണ സാമ്പത്തിക, പാർപ്പിട, കുടിയേറ്റ പ്രശ്നത്തെ തുടന്ന് 30 ശതമാനത്തിൽ താഴെയായതായി റിപ്പോർട്ടുകൾ പറയുന്നു.
അടുത്ത വർഷം ഒക്ടോബറിനു മുമ്പ് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഭരണമാറ്റത്തിന് മുന്നോടിയായി രാജ്യത്തിൻ്റെ ആദ്യ സാമ്പത്തിക പദ്ധതി പുറത്തിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരിക്കുന്നത്.
