ലിബറൽ സർക്കാർ പ്രഖ്യാപിച്ച ജിഎസ് ടി/എച്ച്എസ് ടി അവധി ശനിയാഴ്ച ആരംഭിക്കുന്നതിനിടയിൽ ആശയക്കുഴപ്പത്തിലായി ചെറുകിട കച്ചവടക്കാർ. താൽക്കാലി നികുതി ഇളവ് ഏതൊക്കെ ഉൽപ്പന്നങ്ങൾക്കാണെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.
അവസാന നിമിഷം ഉയർന്ന് വന്ന നികുതി ഇളവ് വ്യാപാരികളെ സമ്മദ്ദത്തിലാക്കിയതായി വിന്നിപെഗിലെ എലിമിനേറ്റർ ആർസിയിലെ സെയിൽസ് ആൻഡ് സർവീസ് മാനേജർ റയാൻ ഗോബെയിൽ പറഞ്ഞു. നികുതി ഇളവിൽ വരുന്ന ഉൽപ്പന്നങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങൾ പരിശോധിക്കേണ്ടിവരുമെന്ന് ഗോബെയിൽ പറയുന്നു. ഇത് വർഷത്തിലെ തിരക്കേറിയ സമയത്ത് അനാവശ്യ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യോല്പ്പന്നങ്ങൾ, റസ്റ്റോറൻ്റ് ഭക്ഷണം തുടങ്ങി ഒട്ടേറെ ഇനങ്ങളുടെ ഫെഡറൽ സെയിൽസ് ടാക്സ് വെട്ടിക്കുറയ്ക്കാനും വസന്തകാലത്ത് 18.7 ദശലക്ഷത്തിലധികം കാനഡക്കാർക്ക് 250 ഡോളർ നൽകാനുമുള്ള പദ്ധതി കഴിഞ്ഞയാഴ്ചയാണ് സർക്കാർ പ്രഖ്യാപിച്ചത്. നിർദ്ദിഷ്ട ജിഎസ്ടി അവധി രണ്ട് മാസം നീണ്ടുനിൽക്കും.







