ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ ഫെബ്രുവരി 22 വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. കേരളത്തിന് പുറമെ കാനഡയിലും യുകെയിലെ നിരവധി തിയേറ്ററുകളിസ്‍ സിനിമ പ്രദർശനത്തിനെത്തും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ ചിത്രം റിലീസിന് മുന്നേ അഡ്വാൻസ് ബുക്കിംഗിലൂടെ യുകെയിൽ 11ലേറെ ഹൗസ്ഫുൾ ഷോകളാണ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ചന്തു സലീംകുമാർ നടൻ സലിം കുമാറിന്റെ മകനാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
