ട്രംപ് അധികാരം ഏറ്റെടുത്തതോടെ ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത വാർത്താണ് പുറത്തുവരുന്നത്. പ്രത്യേകിച്ച് അമേരിക്കൻ പൗരത്വം കാത്തു കഴിയുന്നവർക്ക്. പത്തു ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന ഉത്തരവാണ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പുറപ്പെടുവിച്ചിരിക്കുന്നത്. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം നൽകുന്നത് നിറുത്തലാക്കുന്നു എന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചുകഴിഞ്ഞു. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് യുഎസിൽ ജനിച്ച എല്ലാവർക്കും പൗരത്വം നൽകേണ്ടതില്ലെന്ന ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് പത്തു ലക്ഷത്തോളം ഇന്ത്യക്കാരുടെ അമേരിക്കൻ പൗരത്വം എന്ന സ്വപ്നമാണ് പൊലിയുന്നത്.
ഒരു കുട്ടിക്ക് അമേരിക്കൻ പൗരത്വം ലഭിക്കണമെങ്കിൽ കുട്ടിയുടെ ഒരു രക്ഷിതാവെങ്കിലും അമേരിക്കൻ പൗരനോ ഗ്രീൻ കാർഡ് കൈവശമുള്ളയാളോ ആയിരിക്കണം. 2022ലെ യുഎസ് സെൻസസ് അടിസ്ഥാനമാക്കി പ്യൂ റിസേർച്ച് നടത്തിയ വിശകലനത്തിൽ 48 ലക്ഷം ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, അവരിൽ 16 ലക്ഷം പേർ(34 ശതമാനം) യുഎസിൽ ജനിച്ചവരാണ്. അതായത് ഇവർക്ക് മുൻ നിയമം അനുസരിച്ച് ജന്മനാ അമേരിക്കൻ പൗരത്വം ലഭിക്കും. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് നിലവിൽ അമേരിക്കയിൽ ജനിക്കാത്ത കുട്ടികളും പതിറ്റാണ്ടുകളായി ഗ്രീൻ കാർഡ് ലഭിക്കാതെ കിടക്കുന്ന കുടുംബങ്ങളിലെ കുട്ടികളും 21 വയസ്സു തികയുമ്പോൾ അമേരിക്കയിൽ നിന്നും പോകണം. അല്ലെങ്കിൽ മറ്റൊരു വിസ തിരഞ്ഞെടുക്കുകയോ ചെയ്യേണ്ടി വരും.
തൊഴിലുമായി ബന്ധപ്പെട്ട് ഗ്രീൻ കാർഡിനായി പതിറ്റാണ്ടുകളായി കാത്തുനിൽക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരുടെ ഭാവിയെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. അമ്മ നിയമപരമായും എന്നാൽ താത്കാലികമായും(ഉദാ: ഒരു സന്ദർശക എന്ന നിലയിലോ കുടിയേറ്റേതര വിസയിലോ – അത് H-4 പോലുള്ള ആശ്രിത വിസയിലോ ജോലി വിസയിലോ എത്തിയതാണെങ്കിൽ) യുഎസിലേക്ക് കുടിയേറിയതാണെങ്കിലും അച്ഛന് ഗ്രീൻ കാർഡ് ലഭിച്ചിട്ടില്ലെങ്കിലോ അല്ലെങ്കിൽ യുഎസ് പൗരനല്ലാത്തതോ കാരണം അവർക്ക് ജനിക്കുന്ന കുട്ടിക്ക് സ്വാഭാവികമായുള്ള അമേരിക്കൻ പൗരത്വം ലഭിക്കില്ല.
യുഎസിൽ ജനിച്ച എല്ലാവർക്കും പൗരത്വം സാർവത്രികമായി നൽകുന്ന തരത്തിൽ യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി ഒരിക്കലും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ലെന്ന് ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. യുഎസിൽ ജനിച്ചതെങ്കിലും അതിന്റെ അധികാരപരിധിക്ക് വിധേയമല്ലാത്ത വ്യക്തികളെ ജന്മാവകാശ പൗരത്വത്തിൽ നിന്ന് എല്ലായ്‌പ്പോഴും ഒഴിവാക്കിയിട്ടുണ്ട്.
മാതാപിതാക്കൾ രണ്ടുപേരും യുഎസിൽ എച്ച്-1B, എച്ച്-4(ആശ്രിത വിസ) പോലെയുള്ള നോൺ-ഇമിഗ്രന്റ് സ്റ്റാറ്റസിലുള്ളവരാണെങ്കിൽ, ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് പ്രകാരം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കുട്ടിക്ക് യുഎസ് പാസ്‌പോർട്ട് നൽകില്ല. കാരണം അവർ ഇനി അതിന്റെ അധികാരക പരിധിക്ക് ഉള്ളിൽ വരില്ല. “ട്രംപിന്റെ എക്‌സിക്യുട്ടിവ് ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. എന്നാൽ, ഭരണഘടനയിലെ പതിനാലാം ഭേദഗതിയെക്കുറിച്ചുള്ള ട്രംപിന്റെ വ്യാഖ്യാനത്തോട് ഭൂരിഭാഗം യാഥാത്ഥിതിക ജഡ്ജിമാരും യോജിക്കാനാണ് സാധ്യത. അതിനാൽ ട്രംപ് ഭരണകൂടം ഇത് സുപ്രീം കോടതി വരെ കൊണ്ടുപോകുമെന്നാണ് കരുതുന്നത്,” ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ അറ്റോർണി സൈറസ് ഡി മെഹ്തയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.