ടാക്സി ചാർജ് വാങ്ങാൻ എന്ന വ്യാജേന യാത്രക്കാരുടെ ബാങ്ക് കാർഡുകൾ കൈക്കലാക്കുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ടൊറന്റോ പോലീസ്. ഇത്തരം നിരവധി സംഭവങ്ങളിൽ ഉൾപ്പെട്ട ബ്രാംറ്റൺ സ്വദേശിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 2023 ജൂൺ മുതൽ ഇങ്ങോട്ട് ഇത്തരത്തിലുള്ള 60ൽ അധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ടൊറന്റോ പോലീസ് സർവീസസ് ഫിനാൻഷ്യൽ ക്രൈം യൂണിറ്റ് വ്യക്തമാക്കി. ചാർജ് പണമായി സ്വീകരിക്കില്ലെന്നും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നൽകാമെന്നുമാണ് ഇവർ ഇരകളെ ധരിപ്പിക്കുക. കാർഡ് നൽകിയാൽ തിരിച്ചു നൽകുക യാത്രക്കാരന്റെതിന് സമാനമായ മറ്റൊരു കാർഡ് ആണ്. ശേഷം ഒറിജിനൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പുകാർ യഥേഷ്ടം പണം പിൻവലിക്കുകയും പർച്ചേസ് നടത്തുകയും ചെയ്യും. 40,000 ഡോളറോളമാണ് തട്ടിപ്പ് വഴി ഇതിനോടകം നഷ്ടപ്പെട്ടിട്ടുള്ളത്. ബ്രാംറ്റൺ സ്വദേശിയായ സ്റ്റീവ് ചെമ്പേഴ്സ് എന്ന 25 കാരനെയാണ് പോലിസ് തേടുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കേണ്ടതാണ്.
