ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കള്‍.
ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം അത്മാര്‍ത്ഥമായി നിര്‍വഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടില്‍ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയ പ്രവര്ത്തകന്. സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചയാളായിരുന്നു. ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സിബിഎസ്സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഎ ഓണേഴ്സ് പഠനം. ജെഎന്‍യുവില്‍ നിന്ന് എംഎ പൂര്‍ത്തിയാക്കി.
വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസുകളില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി. ലെഫ്റ്റ ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇന്‍ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്സസ് സെക്യുലറിസം, ഘൃണ കി രാജ്നീതി (ഹിന്ദി) തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുണ്ട്.







