ബിഗ് മാക് എന്ന പേര് ഉപയോഗിക്കുന്നു എന്ന തർക്കത്തിൽ മക്ഡൊണാൾഡ്സിന് തിരിച്ചടി. ഐറിഷ് ഫാസ്റ്റ് ഫുഡ് നിർമാതാക്കളായ സൂപ്പർമാകിന് അനുകൂലമായി യൂറോപ്യൻ യൂണിയൻ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദീർഘകാലം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സൂപ്പർമാകിന് അനുകൂലമായി കോടതി വിധി വന്നത്. യൂറോപ്യൻ യൂണിയൻ ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിലേക്കുള്ള അപേക്ഷയിൽ ഉൽപ്പന്നങ്ങൾക്ക് അഞ്ച് വർഷമായി ഒരു പേര് ഉപയോഗിച്ചിട്ടില്ലെങ്കിൽ അത് റദ്ദാക്കപ്പെടും. ബിഗ് മാക് എന്ന ലേബൽ അഞ്ച് വർഷമായി ഉപയോഗിക്കുന്നു എന്ന് തെളിയിക്കാൻ മക്ഡൊണാൾഡ്സിന് കഴിഞ്ഞില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്. കൂടാതെ, ടേക്ക് എവേ ഫുഡ്, ഡ്രൈവ് ത്രൂ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ബ്രാൻഡിംഗ് റെസ്റ്റോറൻ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട് ബിഗ് മാക്കിൻ്റെ ലേബൽ മക്ഡൊണാൾഡിന് അവകാശമുണ്ടോ എന്ന് കോടതി പരിഗണിച്ചു.
മാക് എന്ന കുടുംബപ്പേരുള്ള ആർക്കും ഈ തീരുമാനം വലിയ വിജയമാണെന്ന് സൂപ്പർമാക്കിൻ്റെ സ്ഥാപകൻ പാറ്റ് മക്‌ഡൊണാഗ് പ്രതികരിച്ചു.രണ്ട് ബീഫ് പാറ്റികൾ, ബിഗ് മാക് സോസ്, ചീസ് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹാംബർഗറാണ് ബിഗ് മാക്. ബീഫ് അല്ലെങ്കിൽ ചിക്കൻ എന്നിവ ഉപയോഗിച്ച് സാൻഡ്‌വിച്ചുകൾക്ക് മക്‌ഡൊണാൾഡ് ഈ പദം ഉപയോഗിക്കുന്നത് സ്ഥിരീകരിക്കുകയും ചെയ്തു.
ബിഗ് മാക് എന്ന പേര് ട്രേഡ്മാർക്ക് ചെയ്താൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകുമെന്ന് ആരോപിച്ച് മക്ഡൊണാൾഡ് തന്നെയാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് സൂപ്പർമാകിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. പുതിയതായി സമർപ്പിച്ച അപ്പീലിലാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മക്ഡൊണാൾഡ്സിന് യൂറോപ്പിലെ പരമോന്നത കോടതിയിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാവുന്നതാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ സൂപ്പർമാക്, യൂറോപ്യൻ യൂണിയനിൽ കമ്പനിയുടെ പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതോടെയാണ് തർക്കം ഉണ്ടായത്.
മക്ഡൊണാൾഡ്സിന് തിരിച്ചടി; ഇനി ‘ബിഗ് മാക്’ ഇല്ല

Reading Time: < 1 minute