19 വർഷത്തെ രാഷ്ട്രസേവനത്തിന് ശേഷം ഇന്ത്യന്‍ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ന് ബൂട്ടഴിക്കും. മേയ് 16നാണ് സുനില്‍ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ന് രാത്രി കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തോടെയാണ് ഛേത്രി നീല ജഴ്സി ഊരിവയ്ക്കുക. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയെന്ന് അറിയപ്പെടുന്ന കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന ആവേശപ്പോരാട്ടം.
അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾവേട്ടയിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും തൊട്ടുപിന്നിലായാണ് സുനില്‍ ഛേത്രിയുടെ സ്ഥാനം എന്നത് തന്നെയാണ് ഈ കളിക്കാരന്റെ കിരീടത്തിലെ ഏറ്റവും വലിയ പൊൻതൂവൽ. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റില്‍ നാലാമനാണ് ഛേത്രി. ഇറാൻ താരം അലി ദേയിയാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.
ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ബൈച്ചുങ് ബൂട്ടിയ തുടങ്ങിയ ഇന്ത്യൻ നായകന്മാർക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ നായക പദവിയിൽ എത്തിയ താരമാണ് ഛേത്രി. എന്നാൽ പൂർവ്വികരേക്കാൾ കൂടുതൽ കാലം ഏറ്റെടുത്ത പദവി ഉത്തരവാദിത്തത്തോടെ നിർവഹിച്ചു എന്നതാണ് ഛേത്രിയുടെ പ്രധാന സവിശേഷത. കരിയറിന്റെ അവസാന ഘട്ടത്തിലും ജൂനിയർ താരങ്ങളോട് മുട്ടി ഗോൾവേട്ടയിൽ മുന്നിലെത്താൻ താരത്തിനായി.
ഇതിഹാസം പടിയിറങ്ങുന്നു, സാൾട്ട് ലേക്കിലെ പുൽമൈതാനത്ത് സുനിൽ ഛേത്രി ഇന്ന് ബൂട്ടഴിക്കും

Reading Time: < 1 minute