വാഷിംഗ്ടൺ: അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നീൽ ആചാര്യ എന്ന വിദ്യാർത്ഥിയാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. നീൽ ആചാര്യയെ രണ്ട് ദിവസമായി കാണാനില്ലെന്ന് കാണിച്ച് അമ്മ ഗൗരി ആചാര്യ എക്‌സിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
പർഡ്യൂ സർവകലാശാലയില്‍ എത്തിച്ച ഊബർ ഡ്രൈവറാണ് അവസാനമായി നീലിനെ കണ്ടതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും സഹായിക്കണമെന്നുമായിരുന്നു പോസ്റ്റിലെ സാരംശം.
തുടർന്ന് ഷിക്കാഗോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറലാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു.മരണത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു നീൽ ആചാര്യ.
