മലയാളികൾക്ക് പ്രിയങ്കരമായ ജാതിക്കാ മണമുള്ള ഒരു വോഡ്ക കനേഡിയൻ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ്. Rooster എന്നാണ് ഈ വോഡ്കയുടെ പേര്. ഹൈറേഞ്ചിന്റെ മനംമയക്കുന്ന ഗന്ധവും രുചിയുമുള്ള ഈ ബ്രാന്റിനു പിന്നിൽ സ്റ്റെഫി ജോയ് പുതുശ്ശേരി എന്ന മലയാളി വീട്ടമ്മയാണ്. വിജയത്തിന്റെ പ്രതീകം എന്ന നിലയിലാണ് ‘ rooster’ എന്ന പേര് ഉൽപ്പന്നത്തിന് നൽകിയിരിക്കുന്നതെന്ന് സ്റ്റെഫി പറയുന്നു. ബിസിനസുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കിൽ എപ്പോഴും ഡിമാൻഡ് ഉള്ള ഒരു ഉൽപ്പന്നമാണ് മദ്യം എന്ന് നമുക്ക് കാണാം. മനുഷ്യൻ ഉള്ളയിടത്തോളം കാലം മദ്യത്തിന് ഡിമാൻഡ് ഉണ്ടാകും എന്നാണ് ഞങ്ങൾ കരുതുന്നത്. ഇതൊക്കെ കൊണ്ടാണ് ഇങ്ങനെ ഒരു ഉൽപ്പന്നവുമായി മുന്നോട്ട് പോകാൻ കാരണം. കാനഡയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഒരു ലിക്വർ പ്രൊഡക്റ്റ് ആണ് വോഡ്ക – ഈ രംഗത്തേക്ക് കടന്നു വന്നതിനെ കുറിച്ച് സ്റ്റെഫി പറയുന്നു. സ്ത്രീകൾക്കും കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് roosterന്റെ നിർമാണം. ജാതിക്കയാണ് പ്രധാന ചേരുവ. നാടിന്റെ ഗന്ധം ചേരുവയായി വേണം എന്നത് സ്റ്റെഫി ഉൾപ്പെടെയുള്ള ഉൽപ്പന്നതിന്റെ അണിയറ പ്രവർത്തകർക്ക് നിർബന്ധമായിരുന്നു. കാനഡയിൽ ഈ ഫ്ലേവറിലുള്ള വോഡ്ക അധികമില്ല. ഓൺലൈനിലൂടെ മാത്രമാണ് നിലവിൽ rooster ലഭ്യമാകുക. വൈകാതെ മറ്റു മാർഗ്ഗങ്ങളിലൂടെയും ലഭ്യമാക്കും. നല്ലൊരു പാർട്ടി ഡ്രിങ്ക് ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. 2018ൽ വിദ്യാർഥി ആയാണ് സ്റ്റെഫി കാനഡയിൽ എത്തുന്നത്. നിലവിൽ സംരംഭകയായി വിജയം കൊയ്യാൻ ഒരുങ്ങുകയാണ്.
