സമ്പാദ്യത്തേക്കാൾ കൂടുതൽ കടം ഉള്ള സാഹചര്യമാണ് നിലവിൽ ഭൂരിഭാഗം കനേഡിയൻ പൗരന്മാരും അഭിമുഖീകരിക്കുന്നതെന്ന് സ്റ്റാറ്റിറ്റിക്സ് കാനഡയുടെ റിപ്പോർട്ട്. വരുമാന അസമത്വം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ ജീവിത ചിലവ് കണ്ടെത്താൻ പോലും ബുദ്ധിമുട്ടുകയാണെന്നാണ് വിലയിരുത്തൽ.
സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2023ന്റെ മൂന്നാം പാദത്തിൽ വരുമാന അസമത്വം വർദ്ധിച്ചിട്ടുണ്ട്. സമ്പന്നരായവർക്ക് ഉയർന്ന വേതനവും വരുമാനവും ഉളളപ്പോൾ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ ഉയർന്ന ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടിലാണെന്നാണ് വിലയിരുത്തൽ. ഉയർന്ന പലിശ നിരക്കാണ് വരുമാന അസമത്വം വർധിക്കുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
2023ന്റെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം, ശരാശരി 3.3 മില്യൺ വരുമാനമുള്ള സമ്പന്നരായ 20 ശതമാനം കനേഡിയൻ പൗരന്മാർ രാജ്യത്തിന്റെ ആകെ സാമ്പാദ്യത്തിന്റെ 67.4 ശതമാനമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 67,738 ഡോളർ മാത്രം ആസ്തിയുള്ള 40 ശതമാനത്തോളം വരുന്ന സാധാരണക്കാരായ കനേഡിയൻ പൗരന്മാർ രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 0.2 ശതമാനം മാത്രമേ വരുന്നുള്ളു. സമ്പത്ത് രാജ്യത്തെ ഒരു കൂട്ടം ആളുകളുടെ കയ്യിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതായി സ്റ്റാറ്റിറ്റിക്സ് കാനഡ വ്യക്തമാക്കി.
