ഒൻ്റാറിയോയിലെ മിനിമം വേതനം ഒക്ടോബർ 1 മുതൽ വർധിക്കും. മണിക്കൂറിന് 16.55 ഡോളറിൽ നിന്ന് 17.20 ഡോളറായാണ് വർധിക്കുക. ഇതോടെ ബ്രിട്ടീഷ് കൊളംബിയയ്ക്ക് ശേഷം കാനഡയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രവിശ്യാ മിനിമം വേതനം ഒൻ്റാറിയോയിൽ ലഭിക്കും.
പ്രവിശ്യയിലെ പണപ്പെരുപ്പത്തെ പ്രതിഫലിപ്പിക്കുന്ന ഒൻ്റാറിയോ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയാണ് 3.9% വാർഷിക വേതന വർധന. ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുകയും മിനിമം മണിക്കൂർ വേതനം നേടുകയും ചെയ്യുന്ന ഒരാൾക്ക് ഏകദേശം 1,355 ഡോളർ വാർഷിക ശമ്പള വർധനവ് ലഭിക്കും.
ഒൻ്റാറിയോയിലെ പൊതു മിനിമം മണിക്കൂർ വേതനം ഭൂരിഭാഗം പ്രവിശ്യാ ജീവനക്കാർക്കും ബാധകമാണ്, എന്നാൽ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക മിനിമം മണിക്കൂർ വേതന വർധനവും ഇതോടൊപ്പം ബാധകമാണ്.
വിദ്യാർത്ഥികളുടെ മിനിമം മണിക്കൂർ വേതനം
18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് നിലവിൽ നിശ്ചയിച്ചിട്ടുള്ള $15.60 നിന്ന് ഒക്ടോബർ 1മുതൽ മണിക്കൂറിന് $16.20 മിനിമം മണിക്കൂർ വേതനം ലഭിക്കും.
വീട്ടുജോലിക്കാർക്കുള്ള മിനിമം മണിക്കൂർ വേതനം
വീട്ടുജോലിക്കാർക്ക് അവരുടെ ഏറ്റവും കുറഞ്ഞ മണിക്കൂർ വേതനം മണിക്കൂറിന് $18.20 ൽ നിന്ന് $18.90 ആയി ഉയരും.
വേട്ടയാടൽ, മത്സ്യബന്ധനം, വൈൽഡർനെസ് ഗൈഡുകൾ
തുടർച്ചയായി 5 മണിക്കൂറിൽ താഴെ ജോലി ചെയ്യുന്ന ഈ ജീവനക്കാരുടെ കുറഞ്ഞ വേതനം $82.85 ൽ നിന്ന് $86.00 ആയി വർധിക്കും.






