dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

ദുരന്തം ഹൃദയഭേദകം; സഹായങ്ങളുമായി കൈ കോർക്കണമെന്ന് പിണറായി വിജയൻ

Reading Time: < 1 minute

വയനാട്ടിലുണ്ടായ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 93 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയെന്നും ഇത് അവസാന കണക്കല്ലെന്നും അദ്ദഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ട് നൽകിയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾ ഉൾപ്പടെ മണ്ണിൽ പുതഞ്ഞുപോവുകയായിരുന്നു. കുറച്ചുപേർ ഒഴുകിപ്പോയി. ചാലിയാറിൽ നിലമ്പൂരിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. സൈനിക സംഘം മുണ്ടക്കൈ മാർക്കറ്റ് മേഖലയിൽ രാവിലെ എത്തി പരുക്കേറ്റവരെ മുഴുവൻ മാറ്റി. നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്. രക്ഷാപ്രവർത്തനം ആകാവുന്ന രീതിയിൽ തുടരുന്നുണ്ട്. ചൂരൽമലയുടെ ഒരു മേഖല തന്നെ ഒലിച്ചുപോവുകയായിരുന്നു. ആദ്യ ഉരുൾപൊട്ടൽ പുലർച്ചെ 2 മണിക്കും രണ്ടാമത്തേത് 4.10 നും സംഭവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധ്യമായ എല്ലാ ശക്തിയും മാർഗ്ഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് എന്നിവർ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 5 മന്ത്രിമാർ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
ഇതുവരെ ദുരിത പ്രദേശത്ത് 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെ നിലവിൽ 118 ക്യാമ്പുകളുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും. ചൂരൽ മലയിൽ രണ്ട് താൽകാലിക ആശുപത്രികൾ സജ്ജമാക്കും. മദ്രസയിലും പോളിടെക്നിക്കിലും ആയിരിക്താകും താൽക്കാലിക ആശുപത്രികൾ. അധിക മോർച്ചറികൾ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *