അർബുദ രോഗബാധയെ തുടർന്ന് മലയാളി വിദ്യാർത്ഥിനി മരിച്ചു. കൊണസ്റ്റോഗാ കോളേജ് വിദ്യാർത്ഥിനി ആയ സാന്ദ്ര സലീമാണ് മരിച്ചത്. കൃത്യസമയത്ത് രോഗനിർണയം നടത്താത്തതാണ് വിദ്യാർത്ഥിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുകയാണ്.
മികച്ച നർത്തകിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമായിരുന്ന സാന്ദ്ര ഒരു വർഷം മുമ്പ് വയറ് വേദനയെ തുടർന്നാണ് ആദ്യമായി ചികിത്സ തേടുന്നത്. തുടർന്ന് വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയക്കുകയുമായിരുന്നു. കിച്ചനറിൽ താമസിക്കുകയായിരുന്ന പെൺകുട്ടിക്ക് ലണ്ടനിലാണ് കൺസൾട്ടിങ്ങിനായി ഡോക്ടറെ ലഭിച്ചത്. അവിടെ ഡോക്ടറെ കണ്ട് മടങ്ങിയ കുട്ടി ക്ലിനിക്കിൽ റിസൾട്ടിനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും തുടർന്ന് ഇ-മെയിൽ അയച്ച് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ലെന്നുമാണ് പരാതി.
പിന്നീട് രൂക്ഷമായ നടുവേദനയുമായി ആശുപത്രിയിലെത്തിയ വേദനസംഹാരികൾ നൽകി തിരിച്ചയക്കുകയായിരുന്നു. അസുഖം കൂടി വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ക്യാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. ചികിത്സയ്ക്ക് ആവശ്യമായ ഭാരിച്ച തുക മലയാളി സംഘടനകൾ ഗോ ഫണ്ട് സമാഹരിച്ച് നൽകിയിരുന്നു. തുടർചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് സാന്ദ്രയെ കൊണ്ടു പോയിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട ചികിത്സാ പിഴവിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് മലയാളി സംഘടനകൾ.
