കനേഡിയൻ വിദ്യാർത്ഥികളിൽ പകുതിയോളം പേരും ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ലെന്ന് ടിഡി ബാങ്ക് സർവേ. സർവേയിൽ പങ്കെടുത്തവരിൽ 45 ശതമാനം പേരും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ടതായി ഓൺലൈൻ വോട്ടെടുപ്പ് പറയുന്നു. 65 ശതമാനം വിദ്യാർത്ഥികളും സാമ്പത്തികമായി അസ്ഥിരരാണെന്ന് റിപ്പോർട്ട് പറയുന്നു.
സർവേയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ, 64 ശതമാനം പേർ തങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യാൻ ചില തരത്തിലുള്ള ബഡ്ജറ്റ് ഉണ്ടെന്ന് പറയുന്നു, എന്നാൽ 41 ശതമാനം പേർ മാത്രമാണ് തങ്ങൾക്ക് ഇത് സ്ഥിരമായി പിന്തുടരാൻ കഴിയുന്നതെന്ന് പറയുന്നത്. പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികളുടെ 94 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടിക്ക് സാമ്പത്തിക സഹായം നൽകുന്നതായും റിപ്പോർട്ട് കണ്ടെത്തി. 58 ശതമാനം പേർ തങ്ങൾ കാര്യമായ പിന്തുണ നൽകുന്നതായും സർവേയിൽ വ്യക്തമാക്കി.
ജൂലൈ 26 മുതൽ ഓഗസ്റ്റ് 4 വരെ നടത്തിയ ഓൺലൈൻ സർവേയിൽ 514 പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികളെയും 515 രക്ഷിതാക്കളെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.







