കാനഡയിൽ നിന്ന് യുഎസിലേക്ക് കാൽനടയായി കടക്കാൻ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണം റെക്കോർഡ് കടന്നതായി റിപ്പോർട്ട്. ഈ വർധനവ് കാനഡയുടെ വിസ സ്‌ക്രീനിംഗ് പ്രക്രിയയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നതായും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) വിവരങ്ങൾ അനുസരിച്ച്, 2024 ജൂണിൽ മാത്രം 5,152 രേഖകളില്ലാത്ത ഇന്ത്യക്കാർ കാൽനടയായി കാനഡയിൽ നിന്ന് യുഎസിലേക്ക് പ്രവേശിച്ചുവെന്നാണ്. കൂടാതെ, കാനഡയിൽ നിന്ന് യുഎസിലേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ പ്രതിമാസ എണ്ണം 2023 ഡിസംബർ മുതൽ മെക്സിക്കോ റൂട്ടിൽ നിന്ന് കടന്നുപോകുന്നവരെ മറികടന്നു വെന്നും വ്യക്തമാക്കുന്നതാണ്.
ഏകദേശം 9,000 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന യു എസ്- കാനഡ ലൈൻ ലോകത്തിലെ ഏറ്റവും നീളമേറിയ തുറന്ന അതിർത്തിയാണ്, മെക്സിക്കോയുടെ ഇരട്ടിയിലധികം നീളമുണ്ട് ഈ അതിർത്തിക്ക്. കൂടാതെ, ചൈനയുമായുള്ള ഇന്ത്യയുടെ 3,400-കിലോമീറ്റർ അതിർത്തിയുടെ ഏകദേശം മൂന്നിരട്ടി നീളം വരുന്നതാണ് ഈ അതിർത്തി.
യുഎസ് സിബിപി വിവരങ്ങൾ അനുസരിച്ച്, 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാനഡയുമായുള്ള യുഎസ് അതിർത്തിയിൽ ഏറ്റുമുട്ടലുകളിൽ (തടങ്കലിലാക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ അല്ലെങ്കിൽ പ്രവേശനം നിഷേധിക്കുകയോ) പിടിക്കപ്പെട്ട ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കണക്ക് 2023 -ലെ 2,548-ൽ നിന്ന് 47% വർധിച്ച് 3,733 ആയി. 2021- ൽ നിന്ന് 13 മടങ്ങ് കൂടുതലാണിത്.
അതോടൊപ്പം, അതിർത്തിയിൽ അഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉള്ളതായി യുകെയിൽ നിന്നുള്ള വിവരങ്ങൾ ചൂണ്ടി കാണിക്കുന്നു. 2021-ൽ 495 പേർ ആയിരുന്നത് 2022-ൽ 136% ഉയർന്ന് 1,170 ആയി, 2023 ആയപ്പോഴേക്കും 1,319 ആയി വർദ്ധിച്ചു. ഈ വർഷം ഇതുവരെ 475 അഭയാർഥികൾ ജൂൺ മാസത്തോടെ അതിർത്തി കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
