രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും കാരണം വിമാന സര്‍വീസുകളില്‍ കാലതാമസമുണ്ടാകുകയും ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് അഞ്ച് മണി വരെ ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 39 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. കൂടാതെ നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. വ്യാഴാഴ്ച ദേശീയതലത്തില്‍ 87 വിമാനങ്ങളും വെള്ളിയാഴ്ച 104 വിമാനങ്ങളും റദ്ദാക്കിയതായി കാല്‍ഗറി ആസ്ഥാനമായുള്ള വെസ്റ്റ്‌ജെറ്റ് അറിയിച്ചു.
കാലതാമസം ഔട്ട്‌ഗോയിംഗ് ഫ്‌ളൈറ്റുകളില്‍ തടസ്സമുണ്ടാക്കും. ഇത് യാത്രക്കാരും ജീവനക്കാരും മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കാന്‍ ഇടയാക്കും.
കാലാവസ്ഥാ പ്രവചനം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈനുകള്‍ അറിയിച്ചു.
