കാനഡ സൂപ്പർ വിസയ്ക്ക് അപേക്ഷിക്കാനുള്ള പുതിയ വരുമാന പരിധിയിൽ 6.8 ശതമാനം വർധന. കഴിഞ്ഞ വർഷത്തെ 3.33 ശതമാനം വർധനയെ അപേക്ഷിച്ച് ഈ വർഷം സൂപ്പർ വിസ വരുമാനപരിധിയിൽ 6.8 ശതമാനം വർധവുണ്ടായിട്ടുണ്ട്. പുതിയ വരുമാന മാനദണ്ഡങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
കാനഡ സൂപ്പർ വിസയ്ക്ക് അപേക്ഷിക്കാൻ ഒരു വ്യക്തിക്ക് $29,380 വാർഷിക മൊത്ത വരുമാനം ഉണ്ടായിരിക്കണം. രണ്ട് പേർക്ക് $36,576,മൂന്ന് പേർക്ക് $44,966, നാല് പേർക്ക് $54,594, അഞ്ച് പേർക്ക് $61,920, ആറ് പേർക്ക് $69,834,7 പേർക്ക് $77,750 വാർഷിക മൊത്ത വരുമാനം ഉണ്ടായിരിക്കണം.
എന്താണ് സൂപ്പർ വീസ സൂപ്പർ വീസ എന്നത് മക്കളെയും ചെറുമക്കളെയും സന്ദർശിക്കാനും അവർക്കൊപ്പം താമസിക്കാനുമുള്ള രക്ഷാകർതൃ വീസയാണ്. ഒരു തവണ അപേക്ഷിച്ചാൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന സന്ദർശനങ്ങൾ അനുവദിക്കും. കൂടാതെ, വീസ കാലാവധി കഴിയുമ്പോൾ അപേക്ഷകന് വീസ പുതുക്കാൻ കഴിയും. സാധാരണ സന്ദർശക വീസയുമായി താരതമ്യപ്പെടുത്തുമ്പോൾ, സൂപ്പർ വീസ കൂടുതൽ ദൈർഘ്യമേറിയ താമസം അനുവദിക്കുന്നു.
ആർക്കാണ് സൂപ്പർ വീസയ്ക്ക് യോഗ്യതയുള്ളത്? സൂപ്പർ വീസ ലഭിക്കാൻ യോഗ്യതാ ചില മാനദണ്ഡങ്ങൾ പാലിക്കണം.
സൂപ്പർ വീസയ്ക്ക് അപേക്ഷിക്കുന്നവർ കനേഡിയൻ പൗരനോ കാനഡയിലെ സ്ഥിര താമസക്കാരനോ ആയ വ്യക്തിയുടെ മാതാപിതാക്കളോ മുത്തശ്ശിയോ ആയിരിക്കണം.
കാനഡയിൽ നിന്നുള്ള നിങ്ങളുടെ കുട്ടിയുടെയോ പേരക്കുട്ടിയുടെയോ ക്ഷണക്കത്ത് ആവശ്യമാണ്. ഈ കത്തിൽ കാനഡയിലെ നിങ്ങളുടെ താമസ കാലയാളവിൽ സാമ്പത്തിക പിന്തുണ ഉറപ്പ് നൽകണം. വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ പേരുകളും കത്തിൽ ഉണ്ടായിരിക്കണം. ക്ഷണിക്കുന്ന വ്യക്തിയുടെ കനേഡിയൻ പൗരത്വത്തിന്‍റെയോ സ്ഥിര താമസത്തിന്‍റെയോ തെളിവിന്‍റെ ഫോട്ടോകോപ്പിയും അപേക്ഷയുടെ കൂടെ സമർപ്പിക്കണം.
കനേഡിയൻ ഇൻഷുറൻസിൽ നിന്നുള്ള സ്വകാര്യ മെഡിക്കൽ ഇൻഷുറൻസിന്‍റെ തെളിവും സന്ദർശന ഉദ്ദേശ്യവും അധികൃതരെ ബോധ്യപ്പെടുത്തണം.