കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടന് ജാമ്യം നൽകിയത്. എന്റെ ചോര തന്നെ എതിരായതാണ് അറസ്റ്റിനെക്കാൾ വേദനിപ്പിച്ചതെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് ബാല പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂവൈനൽ ജസ്റ്റീസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. കേസിൽ ബാലയുടെ മാനേജറെയും അറസ്റ്റ് ചെയ്തിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് മുൻഭാര്യയുടെ പരാതിയിൽ പറയുന്നത്. ബാല തന്നെ പറ്റി നുണകൾ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ബാലയും മുൻഭാര്യയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സോഷ്യൽമീഡിയയിൽ ഇരുവരും നടത്തിയ പ്രതികരണങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിനെ തുടർന്നാണ് മുൻ ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചതെന്നാണ് വിവരം.







